18-ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപനം; പാക്ക് വനിതാ താരം ആയിഷ നസീം

ഇസ്‌ലാമബാദ്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ച് പാക്കിസ്ഥാന്‍ വനിതാ താരം ആയിഷ നസീം. 18 വയസ്സുമാത്രം പ്രായമുള്ള താരം പാക്കിസ്ഥാനു വേണ്ടി നാല് ഏകദിനങ്ങളും 30 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടോപ് ഓര്‍ഡര്‍ ബാറ്ററായ ആയിഷ ട്വന്റി20 ക്രിക്കറ്റില്‍ 369 റണ്‍സ് നേടിയിട്ടുണ്ട്. വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ 25 പന്തില്‍ 43 റണ്‍സെടുത്തിരുന്നു. വിരമിക്കുന്ന കാര്യം ആയിഷ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും അറിയിച്ചിട്ടുണ്ട്.

മതപരമായ കാരണങ്ങളുള്ളതിനാലാണ് താരം ക്രിക്കറ്റ് നിര്‍ത്തുന്നതെന്നു പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2021 ജൂണില്‍ വെസ്റ്റിന്‍ഡീസിനെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും തിളങ്ങിയതോടെയാണ് ആയിഷ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുന്നത്. ക്രിക്കറ്റ് പ്രതിഭയെന്നാണ് ആയിഷയെ പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ വാസിം അക്രം വിശേഷിപ്പിച്ചത്.

2020 വനിതാ ട്വന്റി20 ലോകകപ്പില്‍ തായ്ലന്‍ഡിനെതിരെയാണ് ആയിഷ ആദ്യ രാജ്യാന്തര മത്സരം കളിച്ചത്. 2023 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു താരത്തിന്റെ അവസാന മത്സരം. ഈ കളിയില്‍ മൂന്നു പന്തുകള്‍ മാത്രം നേരിട്ട ആയിഷ റണ്ണൊന്നും നേടാനാകാതെ പുറത്തായി.

Top