കൊച്ചി: ആഗോള വിപണികളുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണവില താഴ്ന്നു. പവന് വ്യാഴാഴ്ച 240 രൂപ കുറഞ്ഞ് 21,760 രൂപയിലെത്തി. 2018-ലെ ഏറ്റവും താഴ്ന്ന നിലവാരമാണ് ഇത്. ഡല്‍ഹി വിപണിയില്‍ സ്വര്‍ണവില 19 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഡോളര്‍ ശക്തി പ്രാപിക്കുന്നതാണ് സ്വര്‍ണത്തിന്റെ തിളക്കം കുറയ്ക്കുന്നത്. പ്രതിസന്ധി ഘട്ടത്തിലെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലുള്ള വിശ്വാസ്യത കുറയുന്നതും വില കുറയാന്‍ കാരണമാകുന്നുണ്ട്.
വെള്ളപ്പൊക്കം കാരണം കേരളത്തില്‍ സ്വര്‍ണ വില്‍പ്പന കുറഞ്ഞിട്ടുണ്ട്. എന്നാല്‍, മഴ മാറുകയും ചിങ്ങം പിറക്കുകയും ചെയ്യുന്നതോടെ വില്‍പ്പന ഉയരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷയുള്ളത്. വിവാഹ സീസണ്‍ എത്തുന്നതോടെ ഡിമാന്‍ഡ് സ്വാഭാവികമായും കൂടുമെന്ന് അവര്‍ പറയുന്നു. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1.59 ശതമാനം ഇടിഞ്ഞ് 1,174.70 ഡോളറായി. വെള്ളി വിലയും കൂപ്പുകുത്തിയിട്ടുണ്ട്. ട്രോയ് ഔണ്‍സിന് 4.16 ശതമാനത്തിന്റെ ഇടിവാണ് വെള്ളിവിലയിലുണ്ടായത്. ഇതോടെ വില 14.41 ഡോളറായി.