കൊച്ചി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആലുവയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷെല്‍നയുടെ നിര്യാണത്തിന്റെ നടുക്കത്തിലാണ് നാട്ടുകാരും, കുടുംബാംഗങ്ങളും, സുഹൃത്തുക്കളും. അര്‍ബുദരോഗത്തെ തുടര്‍ന്ന് ആറ് മാസമായി ചികിത്സയിലായിരുന്നു 36 വയസ്സുകാരിയായ ഷെല്‍ന ഇന്ന് വൈകിട്ടോടെയാണ് വിടവാങ്ങിയത്. ആറ് മാസമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു ഷെല്‍ന നിഷാദ്, 36 വയസ്സായിരുന്നു.
വീട്ടില്‍ പൊതുദര്‍ശനത്തിന് എത്തിച്ച മൃതദേഹം നാളെ രാവിലെ പത്ത് മണിക്ക് ആലുവ ടൗണ്‍ ജുമാമസ്ജിദില്‍ ഖബറടക്കും. തുടര്‍ചികിത്സക്കായി കുടുംബാംഗങ്ങളും നാട്ടുകാരും ഒരുക്കം നടത്തുന്നതിനിടെയാണ് ഷെല്‍ന നിഷാദിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍. മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയെങ്കിലും രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്റെ അളവ് കുറഞ്ഞത് ആരോഗ്യാവസ്ഥ മോശമാക്കി. രക്തക്യാംപ് നടത്തി തുടര്‍ചികിത്സക്കായുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും നാട്ടുകാരും. രക്തദാതാക്കളെ തേടിയുള്ള അന്വേഷണത്തിനിടെ ആണ് ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഷെല്‍നയുടെ മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അന്‍വര്‍ സാദത്തിനെതിരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഷെല്‍നയുടെ സ്ഥാനാര്‍ത്ഥിത്വം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ആര്‍ക്കിട്ടെക്ട് ജോലിയും, പൊതുപ്രവര്‍ത്തനവും ഷെല്‍ന തുടര്‍ന്നു. ഇതിനിടെയാണ് അര്‍ബുദം രോഗത്തെ തുടര്‍ന്നുള്ള വിയോഗം. രണ്ടരപതിറ്റാണ്ടുകാലം ആലുവ എംഎല്‍എ യും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ മുഹമ്മദലിയുടെ മകന്‍ നിഷാദിന്റെ ഭാര്യയാണ് ഷെല്‍ന. പത്ത് വയസ്സുകാരന്‍ ആത്തിഫ് അലി മകനാണ്.