ഡിസംബര്‍ 15 മുതല്‍ പട്ടയ വിതരണം ആരംഭിക്കും ; 33,000 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ 15 മുതല്‍ പട്ടയ വിതരണം ആരംഭിക്കും. 33,000 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാനുളള നടപടികള്‍ പൂര്‍ത്തിയായി. ഇടുക്കി ജില്ലയിലാണ് ഏറ്റവുമധികം പേര്‍ക്ക് പട്ടയം ലഭിക്കുക.

സംസ്ഥാനത്തെ വിവിധ റവന്യൂ ഓഫീസുകളിലായി വര്‍ഷങ്ങളായി കെട്ടിക്കിടന്ന 33000 പട്ടയ അപേക്ഷകളിലാണ് റവന്യൂ വകുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഇടുക്കി ജില്ലയില്‍ 9000പേര്‍ക്ക് പട്ടയം ലഭിക്കും. തൃശൂര്‍ ജില്ലയില്‍ 6000 പേര്‍ക്കും പാലക്കാട് ജില്ലയില്‍ 4000പേര്‍ക്കും വയനാട്ടില്‍ 1500 പേര്‍ക്കുമാണ് പട്ടയം അനുവദിക്കുക. കാസര്‍കോട് ജില്ലയില്‍ 3500 പേര്‍ക്ക് പട്ടയം അനുവദിക്കുന്നതോടെ പട്ടയത്തിനായുളള അപേക്ഷകള്‍ പെന്‍ഡിംഗ് ഇല്ലാത്ത ജില്ലയായി കാസര്‍കോട് മാറും. ഡിസംബര്‍ ഒന്നു മുതല്‍ പട്ടയമേളകള്‍ ആരംഭിക്കാനായിരുന്നു പദ്ധതിയെങ്കിലും നിയമസഭാ സമ്മേളനം ചേരുന്ന പശ്ചാത്തലത്തിലാണ് പട്ടയ വിതരണം ഡിസംബര്‍ 15 മുതലാക്കാന്‍ തീരുമാനിച്ചത്.

Top