തിരുവനന്തപുരം: മമ്മുട്ടി അഭിനയിച്ച ‘കസബ’ സിനിമ സ്ത്രീവിരുദ്ധ സിനിമയാണെന്ന് ആക്ഷേപിച്ച് മമ്മുട്ടിയെ സ്ത്രീവിരുദ്ധനാക്കാന്‍ ശ്രമിച്ച നടി പാര്‍വതിക്ക് വേണ്ടി ദീദി ദാമോദരന്‍ രംഗത്ത്.
പാര്‍വതിക്കും അവര്‍ക്ക് പിന്തുണ നല്‍കിയ ഗീതു മോഹന്‍ദാസിനും എതിരെ പൊതു സമൂഹം ശക്തമായി പ്രതികരിക്കുകയും സിനിമാ മേഖലയില്‍ നിന്നും ഒറ്റപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് തിരക്കഥാകൃത്തായ ദീദിയുടെ രംഗപ്രവേശം.
വുമന്‍ കളക്ടീവ് ഇന്‍ സിനിമ സംഘടനയില്‍ പാര്‍വതിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍.
പ്രതിഷേധം തണുപ്പിക്കാന്‍ മമ്മുട്ടി ഇടപെടാത്തതിലാണ് ദീദിക്ക് ഖേദമത്രെ.
അല്ലാതെ ഇന്നലെ വന്ന ഒരു നടി നിരവധി തവണ ദേശീയ പുരസ്‌കാരമടക്കം വാങ്ങിയ മെഗാസ്റ്റാറിനെ അപമാനിച്ചതിലല്ല.
ദീദിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ…
നീതിക്ക് വേണ്ടി പോരാടുന്ന വെള്ളിത്തിരയിലെ നടന്‍ മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ മാത്രമല്ല , നിത്യജീവിതത്തിലും മമ്മുക്കയുടെ സ്വരം വേദനിക്കുന്നവര്‍ക്ക് സാന്ത്വനമാകുന്നത് നേരില്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. സാന്ത്വന പരിചരണ പ്രസ്ഥാനമടക്കമുള്ള നിശബ്ദമായ നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം പ്രവര്‍ത്തിക്കാനും അവസരമുണ്ടായിട്ടുണ്ട്.
എന്നാല്‍ സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകയുടെ വേദനയില്‍ സാന്ത്വനമായി സ്ഥിതിസമത്വത്തിനായുള്ള പോരാട്ടത്തില്‍ നീതിയുടെ സ്വരമായി മമ്മൂക്ക ഇടപെടാതിരിക്കുന്നത് താങ്ങാനാവാത്ത ഖേദമാണുണ്ടാക്കുന്നത്. മൗനം വെടിഞ്ഞ് സ്വന്തം നിലാപാട് വ്യക്തമാക്കണമെന്നും ഫാന്‍സിന്റെ സ്ത്രീകളോടുള്ള അക്രമാസക്തവും അവഹേളനപരവുമായ ടോളുകള്‍ക്ക് തടയിടാന്‍ ആവശ്യമായ ഹീറോയിസം യഥാര്‍ത്ഥ ജീവിതത്തിലും കാണിക്കണമെന്നുമാണ് എന്റെ അഭ്യര്‍ത്ഥന.
ഹീറോയിസം എന്നാല്‍ മൗനം കൊണ്ട് മുറിവേല്പിക്കലല്ല , വാക്കുകള്‍ കൊണ്ട് മുറിവുണക്കലാണ്.
ആണധികാരത്താല്‍ മതിമറന്ന് ക്രിമിനലുകളെ പോലെ സ്ത്രീത്വത്തെ അപമാനിക്കുന്ന ഫാന്‍സിനൊപ്പമല്ല , സ്ത്രീയുടെ അന്തസ്സിനായി പോരാടുന്ന പാര്‍വ്വതിക്കൊപ്പമാണ് മമ്മൂക്ക നില്‍ക്കേണ്ടത്. അതാണ് യഥാര്‍ത്ഥ ഹീറോയിസം . അതാണ് ഒരു യഥാര്‍ത്ഥ ഹീറോയില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും..
അതേസമയം പാര്‍വതിയെ മര്യാദ പഠിപ്പിച്ചിട്ട് മതി മമ്മുട്ടിയോട് ഹീറോയിസം കാണിക്കണമെന്ന് ആവശ്യപ്പെടേണ്ടതെന്ന ചുട്ട മറുപടിയാണ് സോഷ്യല്‍മീഡിയകളിലൂടെ ഇപ്പോള്‍ ദീദിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.