എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനമികവില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദിലീപും കാവ്യയും പ്രധാനവേഷങ്ങളിലെത്തുന്നു.
‘പിന്നെയും’ എന്ന് പേരിട്ടിരിക്കുന്ന അടൂര്‍ ചിത്രത്തിന്റെ ഭാഗമാകുന്നത് തന്റെ അഭിയജീവിതത്തിലെ നാഴികക്കല്ലായിരിക്കുമെന്നാണ് ദിലീപ് ഇതിനോട് പ്രതികരിക്കുന്നത്.
ആളുകള്‍ പറയുന്നത് അവാര്‍ഡിനുവേണ്ടിയാണ് ഞാനിത് ചെയ്യുന്നതെന്ന്. പക്ഷേ, എന്നെ ഇതിലേക്ക് അദ്ദേഹം തെരഞ്ഞെടുത്തത് തന്നെ വലിയൊരു അവാര്‍ഡാണ്. ദിലീപ് പറയുന്നു.
സംവിധാനസഹായി ആയിട്ടാണ് ഞാന്‍ സിനിമാജീവിതം ആരംഭിക്കുന്നത്. അടൂരിനൊപ്പമുള്ള ദിവസങ്ങള്‍ സംവിധാനം പഠിക്കാന്‍ കൂടിയെന്നെ സഹായിക്കും. ദിലീപ് കൂട്ടിച്ചേര്‍ത്തു.
കാമറക്കണ്ണിലൂടെ യാഥാര്‍ത്ഥ്യത്തെ വളരെ തന്മയത്വത്തോടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സിനിമയുടെ ഓരോ സൂക്ഷ്മതലത്തിലൂടെയും അദ്ദേഹം സഞ്ചരിക്കും.
അടൂരിന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു ഒഴിഞ്ഞ കടലാസുപോലെയായിരുന്നു എന്റെ അവസ്ഥ. അദ്ദേഹമാണ് എന്നിലെ കഥാപാത്രത്തെ രൂപപ്പെടുത്തിയത്. ദിലീപിന്റെ വാക്കുകളില്‍ തെളിയുന്നത് ആരാധനയും സ്‌നേഹവും.