ചെന്നൈ: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ പോലും ശശികലക്കെതിരെ രംഗത്ത് വരാതിരുന്ന ജയലളിതയുടെ സഹോദര പുത്രി ദീപ ഒടുവില്‍ ശശികലക്കെതിരെ ആഞ്ഞടിച്ചതോടെ ആടിയുലഞ്ഞ് അണ്ണാ ഡിഎംകെ.
ശശികല മുഖ്യമന്ത്രിയാകാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിവാദമായിരിക്കെ, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് പോയ്‌സ് ഗാര്‍ഡനില്‍ വാക്ക് തര്‍ക്കം നടന്നതായും ‘അമ്മയെ’ തള്ളി വീഴ്ത്തിയതായും ജയലളിതയുടെ വിശ്വസ്തനായ മുന്‍ സ്പീക്കര്‍ പി.എച്ച് പാണ്ഡ്യന്‍ വെളിപ്പെടുത്തുകകൂടി ചെയ്തതോടെ ദീപ ആഞ്ഞടിച്ച് രംഗത്ത് വരികയായിരുന്നു.
ജയലളിതയെ കാണാന്‍ അനുവദിക്കാതെ പലവട്ടം തന്നെ ചില കേന്ദ്രങ്ങള്‍ തടഞ്ഞതായി നേരത്തെ ആരോപണമുന്നയിച്ചപ്പോള്‍ പോലും ശശികലയെ അവര്‍ പേരെടുത്ത് വിമര്‍ശിച്ചിരുന്നില്ല.
പുതിയ പാര്‍ട്ടി 24 ന് പ്രഖ്യാപിച്ച് ജയലളിത പ്രതിനിധികരിച്ച ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ മത്സരിക്കാനാണ് ദീപയുടെ തീരുമാനം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കും.
എഐഎഡിഎംകെ നേതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയില്ലങ്കില്‍ അണ്ണാ ഡിഎംകെ അണികള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടേക്കുമെന്നാണ് തമിഴകത്ത് നിന്നും ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിയോട് ഗുഡ്‌ബൈ പറഞ്ഞ് ദീപയുടെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ദീപയുടെ ചെന്നൈയിലെ വീടിനു മുന്നിലും വന്‍ ആള്‍കൂട്ടമാണ്.
ജയലളിതക്കൊപ്പം 33 വര്‍ഷം ഉണ്ടായിരുന്നു എന്നത് ശശികലക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ലന്ന് പറയുന്ന ദീപ ഇതൊരിക്കലും ജനങ്ങള്‍ അംഗീകരിക്കില്ലന്നും തുറന്നടിച്ചു.
ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജയലളിതയെ കാണാന്‍ തന്നെ ആശുപത്രി അധികൃതര്‍ അനുവദിച്ചിരുന്നില്ലന്നും അവര്‍ വീണ്ടും ആവര്‍ത്തിച്ചു.
നിലവിലെ സാഹചര്യം മുന്‍നിര്‍ത്തി തിരക്കിട്ട നീക്കങ്ങളാണ് ദീപ ഇപ്പോള്‍ നടത്തി വരുന്നത്. അസംതൃപ്തരായ അണ്ണാ ഡിഎംകെ നേതാക്കളും ഇപ്പോള്‍ ദീപയുമായി ആശയവിനിമയം തുടങ്ങിയിട്ടുണ്ട്.
ശശികലയെ മുഖ്യമന്ത്രിക്കാന്‍ ഇനിയും ശ്രമിച്ചാല്‍ വന്‍ പ്രത്യാഘാതം തന്നെ തമിഴകത്ത് ഉണ്ടാകുമെന്നാണ് സൂചനകള്‍. എംഎല്‍എമാരില്‍ ഒരു വിഭാഗം പാര്‍ട്ടി വിട്ടേക്കുമെന്നും സൂചനകളുണ്ട്. പൊതു സൂഹത്തിനിടയിലും വലിയ പ്രതിഷേധങ്ങളാണ് അലയടിക്കുന്നത്.
പാണ്ഡ്യന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാണ്.