ന്യൂഡല്‍ഹി: ബോളിവുഡ് നടി ദീപിക പദുകോണിന്റെ രാഷ്ട്രീയം എന്താണെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ദീപികയുടെ നടപടിയെയാണ് സ്മൃതി ചോദ്യം ചെയ്യുന്നത്.
എന്തുകൊണ്ടാണ് അവര്‍ സമരക്കാരുടെ ഒപ്പം കൂടിയതെന്ന് വാര്‍ത്ത വായിച്ച എല്ലാവര്‍ക്കും അറിയാം. ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കൂടെ ദീപിക കൂടിയത് ഞങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതമല്ല. പെണ്‍കുട്ടികളുടെ സ്വകാര്യഭാഗത്ത് ലാത്തികൊണ്ട് കുത്തിയവര്‍ക്കൊപ്പമാണ് ദീപിക ചേര്‍ന്നത്. അവരുടെ അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നായിരുന്നു സ്മൃതി പറഞ്ഞത്.
ധാരാളം ആരാധകരുള്ള ദീപിക അവരുടെ സ്ഥാനം തിരിച്ചറിയണമായിരുന്നുവെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
മുഖംമൂടി ധാരികളായ സംഘം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ് ഉള്‍പ്പെടെ അമ്പതോളം പേരെ ആക്രമിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന സമരത്തിലാണ് ബോളിവുഡ് താരം ദീപിക പദുകോണ്‍ പങ്കെടുത്തത്. അതേസമയം, ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ദീപികക്കെതിരെ ബിജെപി, സംഘ്പരിവാര്‍ നേതാക്കള്‍ രംഗത്തെത്തി. പുതിയ സിനിമ ഛപാക്കിന്റെ പ്രമോഷന് വേണ്ടിയാണ് ദീപിക ജെഎന്‍യുവിലെത്തിയതെന്നും അവരുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.