ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക് കൈത്താങ്ങായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ദീപികയുടെ ഛപക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ച ബാല പ്രജാപതിയെയാണ് ദീപിക സാമ്പത്തികമായി സഹായിച്ചത്. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് യുവതി.
വൃക്ക മാറ്റിവെക്കുന്നതിന് 15 ലക്ഷം രൂപയാണ് ദീപിക നല്‍കിയത്. ചരണ്‍ ഫൗണ്ടേഷനാണ് ബാലയുടെ ചികിത്സക്കായുള്ള പണം സ്വരൂപിക്കുന്നത്. ഫൗണ്ടേഷനിലേക്കാണ് ദീപിക പണം നല്‍കിയത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ഛപക്ക് എന്ന ചിത്രത്തിലൂടെ ദീപിക പ്രേക്ഷകരിലേക്ക് എത്തിച്ചത്.
ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവതികളും അഭിനയിച്ചിരുന്നു. അതേസമയം പത്താന്‍ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ദീപിക പദുക്കോണ്‍ ചിത്രം. ചിത്രത്തില്‍ ഷാറൂഖ് ഖാനാണ് നായകന്‍.