വിവാദങ്ങൾക്കൊടുവിൽ പുതിയ പേരുമായി പ്രദർശനത്തിനെത്തുന്ന സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിയുടെ ട്രെയിലർ പുറത്തിറങ്ങി. പത്മാവതി എന്ന പേരിൽ നിന്ന് ”പത്മാവത് ” എന്ന പേരിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
സെൻസർബോർഡ് അനുമതി നൽകിയതോടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. യുഎ (U/A) സർട്ടിഫിക്കറ്റാണ് സെൻസർബോർഡ് നൽകിയിരിക്കുന്നത്. സെൻസർബോർഡ് ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്താൻ സംവിധായകൻ തയാറായതോടെയാണ് സിനിമയ്ക്കു സർട്ടിഫിക്കറ്റ് ലഭിച്ചത്.
സിനിമയുടെ പേര് മാറ്റണമെന്ന് ബോർഡിന്റെ ആവശ്യം സംവിധായകൻ അംഗീകരിക്കുകയായിരുന്നു. കൂടാതെ അഞ്ചോളം മാറ്റങ്ങൾ ചിത്രത്തിൽ വരുത്തിയിട്ടുണ്ട്. ഷാഹിദ് കപൂര്‍, ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
ചിത്രം തടയണമെന്ന ആവശ്യവുമായി ജയ്പൂര്‍ രാജവംശവും, രജപുത് വിഭാഗക്കാരും രംഗത്തെത്തിയിരുന്നു. ചരിത്രത്തെ തെറ്റായാണ് സിനിമയില്‍ വ്യാഖ്യാനിച്ചിരിക്കുന്നതെന്നും, ഇതിന്റെ റിലീസ് അനുവദിക്കാന്‍ സാധിക്കില്ലെന്നും, സമ്പന്നമായ രാജസ്ഥാന്റെ ചരിത്രത്തെ മാറ്റാന്‍ സമ്മതിക്കില്ലെന്നുമാണ് ഇവർ ആരോപിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിൽ മാറ്റങ്ങൾ വരുത്തിയത്.