ദുബായ്: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ക്രിക്കറ്റില്‍ ടീം സ്വന്തമാക്കാന്‍ ബോളിവുഡ് താര ദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ പുതുതായി അനുവദിക്കുന്ന രണ്ടു ടീമുകളില്‍ ഒന്നു സ്വന്തമാക്കാനാണ് താരങ്ങള്‍ മുന്നിട്ടിറങ്ങുന്നതെന്നാണ് സൂചന. തിങ്കളാഴ്ച, ദുബായില്‍വച്ചാണ് ലേലം.
കായിക പശ്ചാത്തലമുള്ളവരാണ് ദീപികയും രണ്‍വീറും. ദീപികയുടെ പിതാവ് പ്രകാശ് പദുക്കോണ്‍ മുന്‍ ബാഡ്മിന്റണ്‍ താരമാണ്. ദേശീയ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഉള്‍പ്പെടെ ദീപികയും പങ്കെടുത്തിട്ടുണ്ട്. പിന്നീടാണ് മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും തിരിഞ്ഞത്. രണ്‍വീറാകട്ടെ നിലവില്‍ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ഫുട്‌ബോളുമായും, പ്രമുഖ ബാസ്‌ക്കറ്റ് ബോള്‍ ലീഗായ എന്‍ബിഎയായും ചേര്‍ന്നും പ്രവര്‍ത്തിക്കുന്നു.
ഇരുവരും ഐപിഎല്‍ ടീം സ്വന്തമാക്കിയാല്‍ ലീഗിലെ ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും വര്‍ധിക്കും. നിലവില്‍ പ്രീതി സിന്റ, ഷാറുഖ് ഖാന്‍ എന്നിവര്‍ യഥാക്രമം പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുടെ ഉടമസ്ഥരില്‍ ഒരാളാണ്.
അതേസമയം, പുതിയ ഐപിഎല്‍ ടീമുകളെ സ്വന്തമാക്കാന്‍ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകള്‍ ഉള്‍പ്പെടെ രംഗത്തുണ്ട്. യുണൈറ്റഡിന്റെ ഉടമകളായ ഗ്ലെയ്‌സര്‍ കുടുംബമാണ് മറ്റൊരു സ്വകാര്യ ഏജന്‍സി വഴി ബിസിസിഐയുടെ ടെന്‍ഡര്‍ അപേക്ഷയോടു പ്രതികരിച്ചത്. അദാനി ഗ്രൂപ്പ്, ടോറന്റ് ഫാര്‍മ, അരബിന്ദോ ഫാര്‍മ, ആര്‍പി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയ, ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങിയവരും പുതിയ ടീമുകള്‍ക്കായി രംഗത്തുണ്ട്.
ഇന്ത്യന്‍ കമ്പനികള്‍ക്കാണ് പ്രഥമ പരിഗണനയെന്ന് ബിസിസിഐയുടെ അടുത്തവൃത്തം പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. അങ്ങനെയെങ്കില്‍ ദീപിക-രണ്‍വീര്‍ ഉള്‍പ്പെടെയുള്ളവര്‍ ടീം സ്വന്തമാക്കാന്‍ സാധ്യത ഏറെയാണ്. അഹമ്മദാബാദ്, ലക്‌നൗ എന്നീ ഫ്രാഞ്ചൈസികളാണ് പുതിയ രണ്ടു ടീമുകള്‍ക്കായി മുന്‍പന്തിയിലെന്നാണ് പുറത്തുവരുന്ന സൂചന. പുതിയ ടീമുകള്‍ക്കായി റാഞ്ചി, ലക്‌നൗ, അഹമ്മദാബാദ്, ഗുവാഹത്തി, കട്ടക്ക്, ധരംശാല തുടങ്ങിയ നഗരങ്ങളുടെ ചുരുക്കപ്പട്ടിക ബിസിസിഐ പുറത്തിറക്കിയിരുന്നു. ഇതിലാണ് അഹമ്മദാബാദ്, ലക്‌നൗ ടീമുകള്‍ക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.
അദാനി ഗ്രൂപ്പാണ് അഹമ്മദാബാദ് ടീമിനായി പിടിമുറുക്കുന്നതെന്നും സൂചനയുണ്ട്. 2000 കോടി രൂപയാണ് ടീമിന്റെ അടിസ്ഥാന വിലയെന്നാണ് റിപ്പോര്‍ട്ട്. ഒരു ടീമിന് 7000 മുതല്‍ 10,000 കോടി രൂപവരെ ലേലത്തിലൂടെ ലഭിക്കുമെന്ന് ബിസിസിഐ കരുതുന്നു.