പ്രൊജക്ട് കെയിലെ ദീപികയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

ഹൈദരാബാദ്: പാന്‍ ഇന്ത്യന്‍ സിനിമ പ്രൊജക്ട് കെയിലെ ദീപിക പദുക്കോണിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. തിങ്കളാഴ്‌ച വൈകുന്നേരം 5 മണിക്ക് പോസ്റ്റർ പുറത്തിറങ്ങുമെന്ന് ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് അറിയിച്ചിരുന്നു. എന്നാല്‍ രാത്രി വൈകിയാണ് ഫസ്റ്റ്ലുക്ക് എത്തിയത്.

ദീപികയുടെ ആദ്യത്തെ തെലുങ്ക് പ്രൊജക്ടാണ് പ്രൊജക്ട് കെ. അതേ സമയം വരുന്ന ജൂലൈ 20ന് പ്രൊജക്ട് കെയുടെ ടൈറ്റില്‍ അനൌണ്‍സ് ചെയ്യും. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പ്രൊജക്ട് കെ ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായി മാറുകയാണ്. പ്രഭാസ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളായി എത്തുന്നത്.

അന്താരാഷ്‌ട്ര നിലവാരത്തിലാണ് സയൻസ് ഫിക്ഷൻ ചിത്രം നിർമ്മിക്കുന്നത് എന്നാണ് വിവരം. 600 കോടിയോളമാണ് ഈ ചിത്രത്തിന്റെ ആകെ ചിലവ് കണക്കാക്കുന്നത്. ഒരു ഹോളിവുഡ് സിനിമയുടേത് പോലെയുള്ള പ്രീ-പ്രൊഡക്ഷനും ഷൂട്ടിംഗുമാണ് പുരോഗമിക്കുന്നത് എന്നാണ് വിവരം.

പ്രൊജക്ട് കെ എന്ന് പേര് താല്‍കാലികമാണ് യഥാര്‍ത്ഥ പേര് സാൻ ഡീഗോ കോമിക്-കോൺ (എസ്‌ഡിസിസി) 2023ല്‍ പ്രഖ്യാപിക്കും. ചിത്രത്തിന്റെ പ്രഖ്യാപനം സംബന്ധിച്ച പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറക്കാരായ വൈജയന്തി മൂവീസ് പുറത്തുവിട്ടു. പ്രഭാസ് അടക്കം ഇത് പങ്കുവച്ചിട്ടുണ്ട്. ജൂലൈ 20ന് യുഎസിലും, അതേ സമയം ഇന്ത്യയില്‍ ജൂലൈ 21നും ആയിരിക്കും പേരും ചിത്രത്തിന്റെ ഗ്ലിംസും പുറത്തുവിടുക.

ഡിസിയും മാര്‍വലും അടക്കം ലോകത്തിലെ വന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ തങ്ങളുടെ ഭാവി പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുന്ന വേദിയാണ് സാൻ ഡീഗോ കോമിക്-കോൺ. അവിടെ പ്രഖ്യാപനം നടക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് പ്രൊജക്ട് കെ. സൂപ്പർ ഹീറോയായി പ്രഭാസിന്റെ കഥാപാത്രത്തിന്റെ കാർട്ടൂൺ പതിപ്പാണ് കോമിക് കോണ്‍ പോസ്റ്ററായി ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് ഇറക്കിയിരുന്നു.

അതേ സമയം ചിത്രത്തിന്റെ പേര് എന്തായിരിക്കും എന്നത് സംബന്ധിച്ച് ഏറെ അഭ്യൂഹങ്ങള്‍ വാര്‍ത്തയായി വരുന്നുണ്ട്. ഇന്ത്യ ഗ്ലിറ്റ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം കെ എന്നത് കാലചക്ര എന്നാണ് ഉദ്ദേശിക്കുന്നത് എന്നാണ് പറയുന്നത്. ചിത്രവുമായി അടുത്ത ഒരു വ്യക്തിയുടെ പ്രതികരണ ഇത്തരത്തിലാണ് “കാലചക്രം പ്രധാനമായും അർത്ഥമാക്കുന്നത് സമയചക്രമാണ്, ഇത് സൃഷ്ടിയുടെയും നാശത്തിന്റെയും പ്രതീകമായി കാണക്കാക്കപ്പെടുന്നു. ഇന്ത്യന്‍ മിത്തോളജിയെ ഫ്യൂച്ചറിസ്റ്റിക്കായി സമീപിക്കുന്ന ചിത്രമാണ് ഇത്”. എന്തായാലും ഇതിലൊന്നും സ്വീരികരണം ലഭിച്ചിട്ടില്ല.

Top