തൃപ്രയാര്‍: ഇന്ത്യയുടെ ഭരണഘടനയാണ് എന്റെ മതം, ഈ മണ്ണാണ് എന്റെ മതമെന്ന് ജമ്മുകശ്മീരിലെ കത്തുവ കേസില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന അഭിഭാഷക ദീപിക സിങ് രജാവത്. ഞാന്‍ കൊല്ലപ്പെട്ടേക്കാം എങ്കിലും എന്റെ നിലപാടുകളെ തിരുത്തില്ലെന്ന് അവര്‍ പറഞ്ഞു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ കഴിമ്പ്രം ഡിവിഷന്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്‌കാരച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദീപിക.
പിഞ്ചുകുഞ്ഞുങ്ങള്‍ കണ്‍മുമ്പില്‍ മാനഭംഗത്തിനിരയാകുന്ന നമ്മുടെ രാജ്യത്ത് എങ്ങനെയാണ് വികസ്വരമെന്നോ വികസിതമെന്നോ വിളിക്കാനാകുക. കത്തുവ കേസ് ഏറ്റെടുത്തശേഷം സാമൂഹിക മാധ്യമങ്ങളില്‍ അപമാനിക്കല്‍ തുടരുകയാണ്. രാജ്യദ്രോഹിയെന്നും മതവിരുദ്ധയെന്നും ഉള്ള കുറ്റപ്പെടുത്തലുകള്‍ തുടരുന്നുവെന്നും ദീപിക പറഞ്ഞു.
കശ്മീരില്‍ നടന്നത് അപമാനകരമായ സംഭവമാണ്. എന്നിട്ടും നാം മൗനിയായിരിക്കുന്നു. ഇന്ത്യയില്‍ പിറന്നു വീഴുന്ന ഓരോ കുഞ്ഞും ആശങ്കകളില്ലാതെ മാനഭംഗ ശ്രമത്തില്‍ നിന്ന് പൂര്‍ണമായി വിടുതല്‍ നേടിയ അവസ്ഥ ഉണ്ടാകും വരെ നമുക്ക് അഭിമാനിക്കാനാവില്ല. എന്നിട്ടും നാം അഭിമാനികളായി നടിക്കുന്നു. എല്ലാവരും സഹോദരി സഹോദരന്മാരാണെന്ന ബോധം ഓരോരുത്തരിലും ഉണ്ടാകുകയാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
ആ ഐക്യത്തിലൂടെയേ നിങ്ങള്‍ക്കെതിരായ മാനഭംഗ ശ്രമങ്ങളെ തടയിടാനാകൂ. നമ്മുടെ ഓരോരുത്തരുടെയും മനോഭാവം മാറണം. അതിനു മുമ്പ് ഞാനും കൊല്ലപ്പെട്ടേക്കാം. ഞാനും മാനഭംഗത്തിനിരയായേക്കാം. പക്ഷേ എന്റെ നിലപാടുകളെ തിരുത്താന്‍ എനിക്കാവില്ലെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.