സൂറത്ത്: നാല് ഓവറില്‍ മൂന്നും മെയ്ഡന്‍, വഴങ്ങിയത് എട്ടു റണ്‍സ്, വീഴ്ത്തിയത് മൂന്നു വിക്കറ്റ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യന്‍ സ്പിന്നര്‍ ദീപ്തി ശര്‍മ്മയുടേതാണ് അമ്പരപ്പിക്കുന്ന ഈ ബൗളിങ് പ്രകടനം. ദീപ്തിയുടെ മികവില്‍ ഇന്ത്യ 11 റണ്‍സിന് വിജയിക്കുകയും ചെയ്തു.
ദീപ്തി എറിഞ്ഞ ആദ്യ മൂന്നു ഓവറും മെയ്ഡനായിരുന്നു. ഇതില്‍ രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. അവസാന ഓവറിലാണ് എട്ടു റണ്‍സ് വഴങ്ങിയത്.
ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സിലെ മൂന്നാം ഓവര്‍ എറിയാനാണ് ദീപ്തി ആദ്യമെത്തിയത്. പിന്നാലെ അഞ്ചാം ഓവറും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ദീപ്തിക്ക് നല്‍കി. ഇതിലായിരുന്നു രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇതോടെ സന്ദര്‍ശകര്‍ അഞ്ച് ഓവറില്‍ മൂന്നിന് 29 എന്ന നിലയിലേക്ക് തകര്‍ന്നു.
പിന്നീട് 14-ാം ഓവര്‍ ആണ് ക്യാപ്റ്റന്‍ ദീപ്തിയെ ഏല്‍പ്പിച്ചത്. അതിലെ രണ്ടാം പന്തിലും ദീപ്തി വിക്കറ്റെടുത്തു. ആ ഓവറും മെയ്ഡനായി. പിന്നീട് 19-ാം ഓവര്‍ വൈഡ് ഉള്‍പ്പെടെ ദീപ്തി എട്ടു റണ്‍സ് വഴങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 130 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 19.5 ഓവറില്‍ 119ന് എല്ലാവരും പുറത്തായി.