ദുബായ്: ഐസിസി വനിതാ ട്വന്റി 20 റാങ്കിംഗില്‍ ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ സോഫീ എക്കിള്‍സ്റ്റണിന് ഭീഷണിയുയര്‍ത്തി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്‌തി ശര്‍മ്മയുടെ കുതിപ്പ്. ബൗളര്‍മാരുടെ റാങ്കിംഗില്‍ ദീപ്‌തി രണ്ടാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ഒന്നാമതുള്ള സോഫീക്ക് 763 ഉം രണ്ടാമതുള്ള ദീപ്‌തിക്ക് 737 ഉം റേറ്റിംഗ് പോയിന്റാണുള്ളത്. വെറും 26 റേറ്റിംഗ് പോയിന്റുകളുടെ ലീഡ് മാത്രമാണ് ഇംഗ്ലീഷ് സൂപ്പര്‍ താരത്തിനുള്ളൂ. ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ നൊങ്കിലുലേകോ മലാബയാണ് 732 റേറ്റിംഗ് പോയിന്റുമായി മൂന്നാംസ്ഥാനത്ത്. മുമ്പ് 746 റേറ്റിംഗ് പോയിന്റിലെത്തിയിട്ടുണ്ട് ദീപ്‌തി ശര്‍മ്മ.
വരാനിരിക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പിലും മികവ് തുടര്‍ന്നാല്‍ ദീപ്‌തി ശര്‍മ്മയ്‌ക്ക് കൂടുതല്‍ റേറ്റിംഗ് പോയിന്റിലേക്ക് ഉയരാം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടിയ ത്രിരാഷ്‌ട്ര പരമ്പരയിലെ പ്രകടനമാണ് ദീപ്‌തി ശര്‍മ്മയ്‌ക്കും മലാബയ്ക്കും തുണയായത്. പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരിയായി മാറിയ ദീപ്‌തി 9 ഉം മലാബ നാലും പേരെ പുറത്താക്കിയിരുന്നു.
ലോകകപ്പിലെ മികവ് മലാബയ്ക്കും ലോക റാങ്കിംഗില്‍ നിര്‍ണായകമാണ്. ബൗളര്‍മാരില്‍ ആറ് സ്ഥാനങ്ങളുയര്‍ന്ന് ഓസീസ് പേസര്‍ മേഗന്‍ ഷൂട്ട് അഞ്ചാമതെത്തിയതും രണ്ട് സ്ഥാനങ്ങളുയര്‍ന്ന് ഇംഗ്ലണ്ടിന്റെ കാതറിന്‍ സൈവര്‍ ആറാമതെത്തിയതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ സ്‌പിന്നര്‍ രാജേശ്വരി ഗെയ്‌ക്‌വാദ് 4 സ്ഥാനങ്ങള്‍ മുന്നോട്ടുകയറി 14-ാമതെത്തി. പാകിസ്ഥാനെതിരായ പരമ്പരയിലെ മികവോടെ ഓസീസ് താരങ്ങളായ അലാന കിംഗ് 12 സ്ഥാനങ്ങള്‍ മുന്നോട്ടുകയറി 17 ഉം ഡാര്‍സി ബ്രൗണ്ട് എട്ട് സ്ഥാനങ്ങള്‍ ചേക്കേറി 26ലുമെത്തി. ഇന്ത്യന്‍ പേസര്‍ രേണുക സിംഗ് ഏഴാമതുണ്ട്.