ദീപുവിന്റെ മരണം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ്: പി വി ശ്രീനിജന്‍ എംഎല്‍എ

കൊച്ചി: ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പി. വി ശ്രീനിജന്‍ എംഎല്‍എ.

തന്റെ ഫോണ്‍ ഉള്‍പ്പെടെ പരിശോധിക്കാം. ദീപുവിന്റെ മരണം തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ്. കിറ്റക്‌സ് കമ്പനിക്കെതിരെ നിലപാടെടുത്തതിന്റെ വ്യക്തി വൈരാഗ്യമാണ് സാബു എം. ജേക്കബിന് തന്നോട്. തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം തന്നെ നിറവും ജാതിയും പറഞ്ഞ് ആക്ഷേപിക്കുകയാണെന്നും ശ്രീനിജന്‍ പറഞ്ഞു.

ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്നും ശ്രീനിജന്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കണമെന്നുമാണ് സാബു ജേക്കബ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ദീപുവിന്റെ മരണകാരണം മാറ്റിയെഴുതാന്‍ എം.എല്‍.എ ശ്രമിക്കുന്നുവെന്നതടക്കം ഗുരുതര ആരോപണങ്ങള്‍ ബന്ധുക്കളും, ട്വന്റി ട്വന്റി ഭാരവാഹികളും ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കളുടെ ആവശ്യം കൂടെ പരിഗണിച്ചാണ് ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്താന്‍ തീരുമാനിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കാവുങ്ങപറമ്പിലെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹം വൈകീട്ട് 5 മണിയോടെ കാക്കനാട് അത്താണിയിലുള്ള പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ വലിയ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാകും സംസ്‌കാര ചടങ്ങുകള്‍.

 

Top