ദീപുവിന്റെ കൊലപാതകം ആസൂത്രിതം; പിന്നില്‍ സിപിഎമ്മും പിവി ശ്രീനിജന്‍ എംഎല്‍എയും; സാബു എം ജേക്കബ്

കിഴക്കമ്പലം: ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ സി.കെ.ദീപു (38) സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ സിപിഎമ്മിനും ശ്രീനിജന്‍ എംഎല്‍എയ്ക്കുമെതിരേ ആഞ്ഞടിച്ചു ട്വന്റി ട്വന്റി ചെയര്‍മാനും കിറ്റക്‌സിന്റെ അമരക്കാരനുമായ സാബു എം. ജേക്കബ്. എംഎല്‍എയുടെ നേതൃത്വത്തില്‍ കിഴക്കന്പലം ഉള്‍പ്പെടെ നാലു പഞ്ചായത്തുകളില്‍ പത്തു മാസമായി ഭീകരാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്നും പിന്നില്‍ സിപിഎമ്മും പി.വി. ശ്രീനിജന്‍ എംഎല്‍എയുമാണെന്നും സാബു ആരോപിച്ചു. എംഎല്‍എയുടെയും പ്രതികളുടെയും ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു പരിശോധിച്ചാല്‍ ഗൂഢാലോചന വെളിച്ചത്തു വരും. ദീപുവിനെ ആസൂത്രിതമായി അടിച്ചു കൊലപ്പെടുത്തിയതാണ്.

വിളയ്ക്കണയ്ക്കല്‍ സമരത്തില്‍ പങ്കെടുത്ത ട്വന്റി ട്വന്റി ഏരിയ സെക്രട്ടറി കൂടിയായ ദീപുവിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. പതിനഞ്ചു മിനിറ്റോളം ക്രൂരമായി മര്‍ദിച്ചു. തലയ്ക്കു രക്തസ്രാവമുണ്ടായാണ് മരിച്ചത്. സിപിഎമ്മുകാരുടെ മര്‍ദനത്തില്‍ പരിക്കേറ്റു പോലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ ചെയ്യാന്‍ പരാതിക്കാരന്‍ പ്രതിയാകുന്ന അവസ്ഥയാണ്. എംഎല്‍എ പറയുന്നതുപോലെയാണ് പോലീസ് സ്റ്റേഷനില്‍ കാര്യങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനകം അന്പതോളം ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ക്കു സിപിഎമ്മുകാരുടെ മര്‍ദനത്തില്‍ പരിക്കേറ്റു. പോലീസ് സ്റ്റേഷനില്‍നിന്നു നീതി കിട്ടാത്തതിനാല്‍ പലരും പരാതി പറയാന്‍ പോലും പോയിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും മെംബര്‍മാര്‍ക്കും ഭയന്നു പുറത്തിറങ്ങാന്‍ കഴിയാത്ത ഭീകരാന്തരീക്ഷമാണ് സിപിഎം എംഎല്‍എയുടെ നേതൃത്വത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.

വിളക്കണയ്ക്കല്‍ സമരത്തിന് ഒട്ടിച്ച പോസ്റ്റര്‍ മുഴുവന്‍ സിപിഎമ്മുകാര്‍ കീറിക്കളഞ്ഞു. മൈക്ക് അനൗണ്‍സ്‌മെന്റ് വാഹനം തല്ലിത്തകര്‍ത്തു. പ്രവര്‍ത്തകനെ മര്‍ദിച്ചു. ഇതിനെതിരേ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ ചെന്നപ്പോള്‍ വാദി പ്രതിയായി.

തെരഞ്ഞെടുപ്പില്‍ തോല്‍പിക്കാന്‍ കഴിയാത്തതിനാല്‍ ട്വന്റി ട്വന്റിയെ മര്‍ദിച്ചു തോല്‍പിക്കാമെന്നാണ് സിപിഎം കരുതിയിരിക്കുന്നത്. ജയിച്ചു പത്തു മാസമായിട്ടും ശ്രീനിജന്‍ എംഎല്‍എ നാട്ടുകാര്‍ക്കു ഗുണം ചെയ്യുന്ന ഒരു കാര്യം പോലും ചെയ്തിട്ടില്ലെന്നും ട്വന്റി ട്വന്റിയെ ഗുണ്ടാ ആക്രമണത്തിലൂടെ തകര്‍ക്കുക എന്ന പരിപാടിയാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നതെന്നും സാബു ജേക്കബ് ആരോപിച്ചു.

 

Top