ന്യൂഡല്‍ഹി: ‘മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരെന്ന’ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സൂററ്റ് കോടതിയില്‍ ഹാജരാകും. മോദിയെന്ന് പേരുള്ള എല്ലാവരും കള്ളന്മാരാണെന്ന് കര്‍ണാടകയില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്. ഇതേ പരാമര്‍ശത്തിന് ബിഹാര്‍ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ പട്‌ന കോടതി രാഹുലിന് ജാമ്യം നല്‍കിയിരുന്നു.
കര്‍ണാടകയില്‍ ഏപ്രിലില്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം. ആയിരക്കണക്കിന് കോടി രൂപ വായ്പയെടുത്ത് രാജ്യം വിട്ട നീരവ് മോദിയെയും സാമ്പത്തിക കുറ്റവാളി ലളിത് മോദിയെയും റഫാല്‍ അഴിമതിയില്‍ നരേന്ദ്ര മോദിയെയും കുറിച്ച് പരാമര്‍ശിക്കവെ, എന്തുകൊണ്ടാണ് കള്ളന്‍മാരുടെയെല്ലാം പേരിന്റെ കൂടെ ‘മോദി’ എന്നു വന്നതെന്ന് രാഹുല്‍ ചോദിച്ചിരുന്നു. പ്രസംഗം ‘മോദി’ എന്നു പേരുള്ളവരെയെല്ലാം ആക്ഷേപിക്കലാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.