കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് നല്‍കിയ മാനനഷ്ട കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരായി മൊഴി നല്‍കി.
സരിതയെ കൂടാതെ ഏഷ്യാനെറ്റ്, കൈരളി പീപ്പിള്‍ ചാനലുകളിലെ രണ്ടു വീതം മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയിരുന്നത്.
തിരഞ്ഞെടുപ്പ് സമയത്ത് ടെലിവിഷന്‍ ചാനലുകളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് സരിത ശ്രമിക്കുന്നതെന്ന് മാനനഷ്ട ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. സരിതയുടെ കത്ത് പുറത്തു വിട്ട മാധ്യമങ്ങളും തന്നെ അപകീര്‍ത്തി പെടുത്തുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
താന്‍ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് ആരോപിച്ചത് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു. മാധ്യമങ്ങളിലൂടെ നിരന്തരം ആരോപണം ഉന്നയിക്കുന്നതിനാല്‍ തന്റെ പൊതുജീവിതത്തില്‍ അത് കളങ്കമുണ്ടാക്കി. മാനസികമായും തനിക്ക് ഏറെ വിഷമം ഉണ്ടാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു