തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപികമാര്‍ക്കെതിരെ ചിലര്‍ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അപകീര്‍ത്തി പരാമര്‍ശത്തിനെതിരെ സൈബര്‍ പൊലീസ് കേസെടുത്തിരുന്നു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച് തൊട്ട് പിന്നാലെ ഇത് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകരെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
ട്രോളുകളും കമന്റുകളും അതിരുവിട്ടതോടെയാണ് കൈറ്റ് വിക്ടേഴ്‌സ് സിഇഒ അന്‍വര്‍സാദത്ത് എഡിജിപി മനോജ് എബ്രഹാമിന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
അധ്യാപികമാരെ പരിഹസിച്ചത് സംസ്‌കാരശൂന്യരായ ചിലരാണെന്നും ഇത്തരക്കാര്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ ആഭ്യന്തരവകുപ്പിനെ സമീപിച്ചു. അധ്യാപികമാര്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.