Defamatory statement against V S Sivakumar; Collector recommended case against Biju Ramesh

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ത്ഥിയും ബാര്‍ മുതലാളിയുമായ ബിജു രമേശ് നടത്തിയ വാര്‍ത്താസമ്മേളനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് റിപ്പോര്‍ട്ട്.

ബിജു രമേശ് നടത്തിയ ആരോപണങ്ങളെ തുടര്‍ന്ന് വരണാധികാരി കൂടിയായ കളക്ടര്‍ ബിജു പ്രഭാകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജു രമേശിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് ജില്ലാ കളക്ടര്‍ ശുപാര്‍ശ കൈമാറി.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.എസ്. ശിവകുമാറിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന പരാതിയിന്മേലാണ് നടപടി.

നേരത്തെ ബിജു രമേശ് നടത്തിയ ആരോപണങ്ങള്‍ക്ക് നടപടി എടുക്കാതിരിക്കാനുളള കാരണങ്ങള്‍ ഉണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് കളക്ടര്‍ കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജുരമേശ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

കേരളത്തിലെ ഒരു മന്ത്രിയുടെ മകളെ ദില്ലിയില്‍വച്ച് തട്ടികൊണ്ടുപോയെന്നും സംഭവം കോടികള്‍ നല്‍കി ഒതുക്കി തീര്‍ത്തെന്നും നേരത്തെ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മോചനദ്രവ്യം നല്‍കി ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനാണ് സംഭവം ഒതുക്കിതീര്‍ത്തെന്നായിരുന്നു വാര്‍ത്ത.

മന്ത്രി വിഎസ് ശിവകുമാറിന്റെ മകളെയാണ് ദില്ലിയില്‍ തട്ടികൊണ്ടുപോയതെന്നും മരുന്നു ലോബിയാണ് ഇതിനു പിന്നിലെന്നുമാണ് ബിജു രമേശ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.

ആരോഗ്യമന്ത്രിയെന്ന നിലയില്‍ ശിവകുമാര്‍ ഒരു മരുന്നു കമ്പനിയില്‍ നിന്ന് 15 കോടി രൂപ കമ്മിഷന്‍ വാങ്ങി. ഈ മരുന്ന് കമ്പനിയുടെ ആള്‍ക്കാര്‍ ആണ് മന്ത്രിയുടെ മകളെ ഡല്‍ഹിയില്‍ തട്ടിക്കൊണ്ടു പോയതെന്നും, പിന്നീട് കമ്മിഷന്‍ തുക തിരിച്ചു നല്‍കിയാണ് മന്ത്രി മകളെ മോചിപ്പിച്ചതെന്നുമടക്കമുള്ള ഗുരുതര ആരോപണങ്ങളും ബിജു രമേശ് മന്ത്രി ശിവകുമാറിന് നേരെ ഉന്നയിച്ചിരുന്നു.

Top