തോറ്റതിന് പിന്നാലെ ബിജെപിക്ക് തിരിച്ചടി; ജാര്‍ഖണ്ഡിലെ രാജ്യസഭാ സീറ്റ് മുഴുവന്‍ പോകും!

തിങ്കളാഴ്ച പുറത്തുവന്ന ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് കനത്ത ആഘാതമാണ് സമ്മാനിച്ചത്. പ്രതിപക്ഷം ഒറ്റക്കെട്ടായി മാറുന്ന അവസ്ഥയില്‍ ജെഎംഎം, കോണ്‍ഗ്രസ് സഖ്യത്തിന് മികച്ച മുന്നേറ്റം ലഭിച്ചത് ബിജെപിയെ ചിന്തിപ്പിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം രാജ്യസഭയിലെ കണക്കിലും പ്രതിഫലിക്കുമെന്നതാണ് ഇതിന് കാരണം.

2024ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്ത പരീക്ഷണം നേരിടുമ്പോള്‍ ജാര്‍ഖണ്ഡില്‍ നിന്നും ഒരു രാജ്യസഭാ പ്രതിനിധി പോലും ബിജെപിക്ക് ഉണ്ടാകില്ലെന്നതാണ് അവസ്ഥ. അതേസമയം സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ മത്സരിച്ച ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രജാതാന്ത്രിക്) അവര്‍ക്ക് പിന്തുണ നല്‍കാന്‍ തയ്യാറായാല്‍ ഉപരിസഭയില്‍ ഭരണപക്ഷത്തിന് നിലവിലെ കണക്കില്‍ തുടരാം.

രാജ്യസഭയില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ന്യൂനപക്ഷമാണെങ്കിലും പൗരത്വ ഭേദഗതി നിയമവും, ജമ്മു കശ്മീര്‍ പനഃസംഘടനയും ഉള്‍പ്പെടെയുള്ള സുപ്രധാന ബില്ലുകള്‍ പ്രതിപക്ഷ നിരയിലെ അനൈക്യത്തിന്റെ ബലത്തില്‍ പാസാക്കാന്‍ അവര്‍ വിജയിച്ചിരുന്നു. ജാര്‍ഖണ്ഡില്‍ നിന്ന് ആര് രാജ്യസഭാ സീറ്റുകളാണുള്ളത്. നിലവില്‍ മൂന്നെണ്ണം ബിജെപിക്കും, കോണ്‍ഗ്രസ്, ആര്‍ജെഡി എന്നിവര്‍ക്ക് ഓരോ സീറ്റുമാണുള്ളത്.

ആറാമത്തെ സീറ്റില്‍ സ്വതന്ത്ര എംപിയും, വ്യവസായിയുമായ പരിമള്‍ നാത്വാനിയാണ്. രണ്ട് സീറ്റുകളില്‍ വീതം 2020, 2022, 2024 വര്‍ഷങ്ങളിലാണ് ഇനി തെരഞ്ഞെടുപ്പ്.

Top