കല്‍പ്പറ്റ: എല്‍ജെഡി സ്ഥാനാര്‍ത്ഥി എം.വി.ശ്രേയാംസ് കുമാറിന്റെ തോല്‍വിയില്‍ നടപടിയുമായി സിപിഎം. കഴിഞ്ഞ തവണ സി.കെ.ശശീന്ദ്രന്‍ വിജയിച്ച സീറ്റ് ഇക്കുറി എല്‍ഡിഎഫിലേക്ക് ഘടകക്ഷിയായി എത്തിയ എല്‍ജെഡിക്ക് സിപിഎം വിട്ടു നല്‍കിയിരുന്നു. എന്നാല്‍ കല്‍പ്പറ്റ സീറ്റില്‍ കോണ്‍ഗ്രസിന്റെ ടി.സിദ്ധീഖിനോട് ശ്രേയാംസ് കുമാര്‍ പരാജയപ്പെട്ടിരുന്നു. ശ്രേയാംസിനായി താഴെത്തട്ടില്‍ സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണം നടന്നില്ലെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ശന നടപടിയിലേക്ക് സിപിഎം ജില്ലാ നേതൃത്വം കടന്നത്.
ശിക്ഷാനടപടിയുടെ ഭാഗമായി വയനാട്ടിലെ ഏരിയ കമ്മറ്റി അംഗം സാജിതയെ തരം താഴ്ത്തി. ഏരിയ സെക്രട്ടറിയും എം.മധുവിനേയും ഏരിയാ കമ്മറ്റിയേയും മോശം പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടി ശാസിച്ചിട്ടുണ്ട്. കല്‍പ്പറ്റ ലോക്കല്‍ സെക്രട്ടറിയായിരുന്ന അബുവിനെ ആ സ്ഥാനത്ത് നീക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇന്നാണ് ആരംഭിച്ചത്.