കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തിലെ പരാജയം സിപിഐ വോട്ട് ലഭിക്കാത്തതുകൊണ്ടല്ലെന്ന് വിശദീകരണം. സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിപിഐ വോട്ട് മുഴുവനായും എത്തിക്കാന്‍ സാധിച്ചു. സിപിഐ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
തൃപ്പൂണിത്തുറയില്‍ സിപിഐ വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ പഞ്ചായത്ത് പോകുമായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു. എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തണമെന്ന് ആഗ്രഹിച്ച പാര്‍ട്ടിയാണ് സിപിഐ. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍പ്പോലും അങ്ങനെയൊരു പരാതി ഉയര്‍ന്നിട്ടില്ല. പരാതി ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും രാജു വ്യക്തമാക്കി.
തൃപ്പൂണിത്തുറയിലെ പരാജയവുമായി ബന്ധപ്പെട്ട് സിപിഐക്കെതിരെ വിമര്‍ശനവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു. ഉദയംപേരൂര്‍ മണ്ഡലത്തിലെ ആറ് ബൂത്തുകളിലെ സിപിഐ വോട്ടുകള്‍ നഷ്ടമായെന്നായിരുന്നു വിമര്‍ശനം. ഇത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ. ബാബുവിന് ലഭിച്ചതായും സിപിഐഎം വിമര്‍ശിച്ചിരുന്നു.