തിരുവനന്തപുരം: രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത കടുപ്പിച്ച് കേരളവും. പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനം വീണ്ടും കൊവിഡിനെ ജാഗ്രതയോടെ കാണുന്നത്. അയൽ രാജ്യങ്ങളിൽ കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകി. പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആശങ്ക വേണ്ട, എന്നാൽ കൊവിഡ് പകരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം അതിന്റെ അവസാനത്തിലേക്ക് എത്തുന്നത്. അപ്പോഴും മൂന്നാം തരംഗം അകലെയല്ലെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ദ്ധർ നൽകിയിരുന്നു. ചൈന അടക്കമുള്ള അയൽ രാജ്യങ്ങളാണ് ഇപ്പോൾ കൊവിഡ് മൂന്നാം തരംഗത്തിന്റെ പിടിയിലുള്ളത്. വ്യാപന ശേഷി കൂടുതലുള്ള ബി എഫ് 7 വകഭേദം ഇന്ത്യയിലും റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ നടപടികൾ ഊർജിതമാക്കുകയാണ് കേരളം.
ഇന്നലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം യോഗം ചേർന്ന് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി. സംസ്ഥാനത്ത് നിലവിൽ കൊവിഡ് കേസുകൾ കുറവാണ്. ഡിസംബർ മാസത്തിൽ 1431 കേസുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാൽ അതീവ ജാഗ്രത വേണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി. കൊവിഡിൽ പഠിച്ച പാഠങ്ങൾ വീണ്ടും പ്രായോഗികമാക്കണമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.
ആശങ്ക വേണ്ട എങ്കിലും അവധിക്കാലമായതിനാൽ കൂടുതൽ ശ്രദ്ധ വേണം. വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. പ്രായമായവർ അനുബന്ധ രോഗമുള്ളവർ കുട്ടികൾ എന്നിവരോട് പ്രത്യേക കരുതൽ വേണം. കരുതൽ ഡോസ് ഉൾപ്പെടെ വാക്‌സിൻ എടുക്കാത്തവർ വാക്‌സിൻ എടുക്കണം. രോഗലക്ഷണമുള്ളവരിൽ കൂടുതലായി കൊവിഡ് പരിശോധന നടത്തും. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തും. രോഗികളുടെ എണ്ണം വർധിക്കുന്നത് മുന്നിൽ കണ്ട് കൊവിഡിനായി ആശുപത്രി സൗകര്യങ്ങൾ കൂട്ടാനും തീരുമാനിച്ചു.