ന്യൂഡല്‍ഹി : ആദ്യ റഫാല്‍ യുദ്ധവിമാനം ഫ്രാന്‍സ് ഇന്ന് ഇന്ത്യയ്ക്ക് കൈമാറും. റഫാല്‍ വിമാനം ഏറ്റുവാങ്ങാനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഫ്രാന്‍സിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. ഫ്രാന്‍സ് ഇന്ത്യ നയതന്ത്രബന്ധം സംബന്ധിച്ചാണ് ചര്‍ച്ച നടത്തുക.
ബോര്ഡെക്സിലെ മേരിഗ്നാക് എയര്‍ ബേസില്‍ വെച്ച് ആദ്യ റഫാല്‍ വിമാനം ഇന്ത്യ ഔദ്യോഗികമായി സ്വീകരിക്കും. വ്യോമസേനയുടെ 87ാമത് സ്ഥാപക ദിനത്തിലാണ് റഫാല്‍ ഏറ്റുവാങ്ങുന്നത്. ദസറ ദിനമായ ഇന്ന് ആയുധ പൂജ നടത്തിയ ശേഷം ഇന്ത്യക്കു ലഭിക്കുന്ന ആര്‍.ബി-01 എന്ന പേരിലുള്ള റഫാല്‍ യുദ്ധ വിമാനത്തില്‍ പ്രതിരോധമന്ത്രി സഞ്ചരിക്കും.
റഫാല്‍ കൈമാറ്റ ചടങ്ങില്‍ രാജ്‌നാഥ് സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലിയും പങ്കെടുക്കും.
ഏറെ നാളത്തെ വിവാദങ്ങള്‍ക്ക് ശേഷമാണ് റഫാല്‍ വിമാനം ഇന്ത്യയ്ക്ക് കൈമാറുന്നത്. കൈമാറ്റം ഇന്ന് നടക്കുമെങ്കിലും വിമാനം ഇന്ത്യയിലെത്താന്‍ മെയ് വരെ കാത്തിരിക്കണം. സൈനികരുടെ പരിശീലനം അടുത്ത ആറുമാസം ഫ്രാന്‍സില്‍ നടക്കും. ഇതിനുശേഷം നാല് റഫാല്‍ വിമാനങ്ങള്‍ മേയില്‍ ഇന്ത്യയിലെത്തിക്കും.
58,000 കോടിയുടെ ഇടപാടിലൂടെ ആകെ 36 റഫാല്‍ വിമാനങ്ങളാണ് ഫ്രാന്‍സിലെ ഡാസോ ഏവിയേഷനില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്. കരാറനുസരിച്ച് ഇപ്പോള്‍ നല്‍കുന്ന വിമാനത്തിനു പുറമേ ആദ്യ നാലെണ്ണം കൂടി അടുത്ത വര്‍ഷം മാര്‍ച്ചില്‍ കൈമാറും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ആണ് പ്രതിരോധമന്ത്രി ഫ്രാന്‍സില്‍ എത്തിയിരിക്കുന്നത്.