ന്യൂഡല്‍ഹി: റഫാല്‍ കരാര്‍ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ ഫ്രാന്‍സ് അനില്‍ അംബാനിയ്ക്ക് 143.7 യൂറോയുടെ നികുതി ഇളവ് നല്‍കിയെന്ന വാര്‍ത്ത തള്ളി കേന്ദ്രപ്രതിരോധ മന്ത്രാലയം. റിലയന്‍സിന് 1,125 കോടിയുടെ നികുതിയിളവ് നല്‍കിയതിന് റഫാലുമായി ബന്ധമില്ലാത്തതാണെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
റിലയന്‍സിന് നികുതി ആനുകൂല്യം നല്‍കിയതിനെ റഫാല്‍ കരാറുമായി ബന്ധപ്പെടുത്തി വന്ന അനാവശ്യ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, ഇവ രണ്ടും തമ്മില്‍ വിദൂര ബന്ധം പോലുമില്ലെന്നും വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നതും നികുതി ഇളവ് നല്‍കിയതും രണ്ട് കാലത്തായാണെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കുപ്രചരണങ്ങള്‍ കരുതിക്കൂട്ടിയുള്ളതാണെന്നും മന്ത്രി ആരോപിച്ചു.
ഫ്രഞ്ച് പത്രമായ ലെ മോണ്ടെയാണ് 2015 ഒക്ടോബറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഫ്‌ലാഗ് അറ്റ്‌ലാന്റിക് കമ്പനിക്ക് നികുതിയിളവ് നല്‍കിയതായി വെളിപ്പെടുത്തിയത്. വര്‍ഷങ്ങളായി ഒടുക്കാത്ത 60 മില്യന്‍ യൂറോയുടേയും 91 മില്യന്‍ യൂറോയുടെ നികുതികള്‍ 2015ല്‍ 7.5 മുതല്‍ 8 മില്യന്‍ വരേയാക്കി കുറച്ച് നല്‍കിയെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.