മനാഫ് വധക്കേസിലെ പ്രതി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; എതിര്‍പ്പുമായി ലീഗ്

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രനെ എടവണ്ണ പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പേയ്മെന്റ് സീറ്റ് വിവാദം കൊഴുക്കുന്നു. എടവണ്ണ പഞ്ചായത്തിലെ മുണ്ടേങ്ങര വാര്‍ഡിലാണ് എം.എല്‍.എയുടെ സഹോദരീ പുത്രന്‍ മാലങ്ങാടന്‍ സിയാദ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 190 വോട്ടിന് വിജയിച്ച സിറ്റിങ് വാര്‍ഡാണിത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന ഒതായി മനാഫ് വധക്കേസ് പ്രതിയായിരുന്ന സിദായിനെ മത്സരിപ്പിക്കുന്നതിനെതിരെ കടുത്ത എതിര്‍പ്പാണ് ലീഗ് നേതൃത്വത്തിനുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങും മുമ്പ് തന്നെ സിയാദ് സ്വന്തം നിലക്ക് ഫ്ളക്സ് വെച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശനം ചെയ്തിരുന്നു.

ഇതോടെ മനാഫ് വധക്കേസ് പ്രതിയായിരുന്ന സിയാദിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് കാണിച്ച് മനാഫിന്റെ കുടുംബവും പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് അടക്കമുള്ളവര്‍ക്ക് രേഖാമൂലം പരാതിയും നല്‍കി. 1995 ഏപ്രില്‍ 13നാണ് പി.വി അന്‍വര്‍ എം.എല്‍.എയുടെ വീട്ടിനു മുന്നിലെ റോഡില്‍ വെച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മനാഫിനെ പട്ടാപ്പകല്‍ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതി സിയാദും നാലാം പ്രതി പി.വി അന്‍വറുമായിരുന്നു. ഒന്നാം സാക്ഷി കൂറുമാറിയതോടെ പി.വി അന്‍വറടക്കം 21 പ്രതികളെ വിചാരണക്കോടതി വെറുതെവിടുകയായിരുന്നു. ഇതിനെതിരെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

മനാഫ് വധക്കേസില്‍ സിയാദിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ടാണ് മനാഫിന്റെ കുടുംബം ഡി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയത്. മുണ്ടേങ്ങര വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ സിയാദിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധം ഉയരുകയും യോഗം തീരുമാനമാകാതെ പിരിയുകയുമായിരുന്നു. പി.വി അന്‍വര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ പരസ്യ പ്രചരണം നടത്തിയയാളാണ് സിയാദെന്നാണ് മുണ്ടേങ്ങരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന ആരോപണം. അന്‍വര്‍ പൊന്നാനിയില്‍ ഇടതു സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിനെതിരെയും പരസ്യമായി പ്രവര്‍ത്തിച്ചെന്ന പരാതി ലീഗ് നേതൃത്വത്തിനുമുണ്ട്.

ഏറനാട് മണ്ഡലത്തില്‍ പി.കെ ബഷീറിനെതിരെ അന്‍വര്‍ മത്സരിച്ചപ്പോഴും സിയാദ് അന്‍വറിനുവേണ്ടി രംഗത്തിറങ്ങിയിരുന്നു. മനാഫ് വധക്കേസില്‍ ഗള്‍ഫില്‍ ഒളിവില്‍ സുഖജീവിതം നയിച്ചിരുന്ന സിയാദിന്റെ സഹോദരീപുത്രന്‍മാരടക്കം നാലു പ്രതികളെ മനാഫിന്റെ കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ 25 വര്‍ഷത്തിനു ശേഷമാണ് പിടിയിലായത്. ഇവരുടെ വിചാരണ നടപടികള്‍ മഞ്ചേരി അഡീഷണല്‍ 2 ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചിരിക്കുകയാണ്. കേസില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മുന്‍ സി.ബി.ഐ സീനിയര്‍ പ്രോസിക്യൂട്ടര്‍ വി.എന്‍ അനില്‍കുമാറിനെയാണ് സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുള്ളത്. മനാഫ് വധക്കേസില്‍ വിചാരണ തുടങ്ങാനിരിക്കെ സഹോദരീപുത്രനെ പേയ്മെന്റ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതും വിവാദമാകുന്നുണ്ട്.

എടവണ്ണ പഞ്ചായത്തിലെ ഒതായിയില്‍ മനാഫിന്റെ കുടുംബത്തിന്റെ നിലപാട് യു.ഡി.എഫിന് നിര്‍ണായകമാണ്. മനാഫ് വധക്കേസില്‍ കുടുംബത്തിനു വേണ്ടിയുള്ള നിയമപോരാട്ടത്തിന് നേതൃത്വം നല്‍കുന്ന മനാഫിന്റെ പിതൃസഹോദരന്‍ പള്ളിപ്പറമ്പന്‍ അബൂബക്കര്‍ നിലവില്‍ കിഴക്കേ ചാത്തല്ലൂരിലെ കോണ്‍ഗ്രസ് പഞ്ചായത്തംഗമാണ്. എടവണ്ണയിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം മുസ്തഫയുടെ പേരിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിലും മനാഫിന്റെ കുടുംബമുണ്ട്. മനാഫിന്റെ പിതൃസഹോദര പുത്രന്‍ ഷെരീഫടക്കമുള്ളവരുടെ നേതൃത്വത്തിലാണ് 30 ലക്ഷം ചെലവിട്ട് കെ.എം മുസ്തഫ ട്രസ്റ്റ് അഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുവെച്ച് നല്‍കിയത്. ബുറൈദ ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് കൂടിയാണ് ഷെരീഫ്.

മനാഫിന്റെ കുടുംബം എതിരായാല്‍ ഒതായിയില്‍ കോണ്‍ഗ്രസിന്റെ കൈവശമുള്ള 3 വാര്‍ഡുകളും നഷ്ടപ്പടാനാണ് സാധ്യത. ഈ ആശങ്ക ലീഗ് നേതൃത്വം കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. എടവണ്ണ പഞ്ചായത്തില്‍ 22 അംഗ ബോര്‍ഡില്‍ മുസ്ലിം ലീഗിന് 9 സീറ്റും കോണ്‍ഗ്രസിനും സി.പി.എമ്മിനും 6 വീതം സീറ്റുകളുമാണുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പേയ്മെന്റ് സീറ്റ് വിവാദവും സിയാദിന്റെ സ്ഥാനാര്‍ത്ഥിത്വവും കോണ്‍ഗ്രസ് പ്രാദേശി നേതൃത്വത്തിലും കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. രാഷ്ട്രീയേതരമായ ക്രിമിനല്‍ കേസുകളില്‍ പെട്ടവരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കരുതെന്ന കെ.പി.സി.സി മാര്‍ഗനിര്‍ദ്ദേശവും പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന് ബാധകമായിട്ടില്ല.

Top