ന്യൂഡല്‍ഹി: എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസിയെ വധിക്കാന്‍ മൂന്ന് തവണ പദ്ധതിയിട്ടിരുന്നതായി പ്രതികള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആള്‍ക്കൂട്ടം കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഒവൈസി രാജ്യദ്രോഹിയായതിനാലാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നും അറസ്റ്റിലായ സച്ചിന്‍ ശര്‍മ്മ, ശുഭം എന്നിവര്‍ പോലീസിനോട് വ്യക്തമാക്കി. യഥാര്‍ത്ഥ ദേശഭക്തരാണ് തങ്ങളെന്നും പ്രതികള്‍ പറഞ്ഞു.
യുപിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങിയ തനിക്ക് നേരെ ആക്രമണം നടന്നതായി ഒവൈസിക്ക് തന്നെയാണ് പരാതിപ്പെട്ടത്. താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിര്‍ത്തെന്നായിരുന്നു ഒവൈസിയുടെ പരാതി. മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ദില്ലിക്ക് മടങ്ങും വഴിയാണ് ആക്രമണം നടന്നത്. താന്‍ സുരക്ഷിതനാണെന്നും മറ്റൊരു വാഹനത്തില്‍ ദില്ലിക്ക് മടങ്ങിയെന്നും ഒവൈസി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് യുപി പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ഒവൈസിക്ക് കേന്ദ്രസര്‍ക്കാര്‍ ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയെങ്കിലും അദ്ദേഹം നിരസിച്ചിരുന്നു. തനിക്കെതിരെ വെടിയുതിര്‍ത്തവര്‍ക്കെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ഒവൈസിയുടെ ആവശ്യം.