ചെന്നൈ: വേണ്ടത്ര തെളിവുകള്‍ ശേഖരിക്കാന്‍ സി.ബി.ഐക്ക് കഴിയുന്നില്ലേയെന്ന് മദ്രാസ് ഹൈക്കോടതി. പല കേസുകളിലെയും പ്രതികളെ കോടതി വെറുതെ വിടുന്നു. ഈ ദുര്യോഗത്തിനു കാരണമെന്തെന്നും കോടതി ചോദിച്ചു. വേണ്ടത്ര തെളിവുകളുടെ അഭാവത്തിലാണ് പ്രതികള്‍ രക്ഷപ്പെട്ടു പോവുന്നത്. ഇത് സി.ബി.ഐയുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.
കേസ് അന്വേഷണത്തില്‍ വിദഗ്ദ്ധരായ ഉദ്യോഗസ്ഥരുടെ അഭാവം ഉണ്ടെന്നാണ് കോടതിയുടെ നിഗമനം. മറ്റു വിഭാഗങ്ങളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തുന്നവര്‍ക്ക് വേണ്ടത്ര കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
സി.ബി.ഐക്കു സ്വന്തമായി റിക്രൂട്ട്മെന്റ് എങ്ങനെയാണ്? കഴിഞ്ഞ 20 വര്‍ഷമായി സി.ബി.ഐ. തമിഴ്നാട്ടില്‍ അന്വേഷിച്ച കേസുകള്‍ എത്ര? എത്ര കേസുകളില്‍ പ്രതികളെ കോടതി ശിക്ഷിച്ചു? വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി തേടിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പു കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ വേണ്ടത്ര വിദഗ്ദ്ധരാണോ? ബന്ധപ്പെട്ട വിഷയങ്ങള്‍ എത്ര കണ്ട് ആഴത്തില്‍ അവര്‍ പഠിച്ചിട്ടുണ്ട്? തുടങ്ങിയ കാര്യങ്ങള്‍ ഹൈക്കോടതി അന്വേഷിച്ചു.