മന്‍സൂര്‍ കൊലപാതകത്തിന് മുമ്പ് പ്രതികള്‍ ഒരുമിച്ചു കൂടി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂർ: പാനൂരിലെ മന്‍സൂര്‍ വധക്കേസിലെ പ്രതികള്‍ കൊലപാതകത്തിന് മുമ്പ് ഒരുമിച്ചു കൂടിയെന്ന് കരുതെന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌. കൊല നടന്നതിന് 100 മീറ്റര്‍ അകലെ മുക്കില്‍ പീടികയില്‍ വെച്ചാണ് പ്രതികള്‍ ഒരുമിച്ച് കൂടിയത്. ഇവിടേക്ക് ശ്രീരാഗ് അടക്കമുള്ള പ്രതികള്‍ വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കൊല നടക്കുന്നതിന്ഏതാണ്ട് 15 മിനിറ്റ് മുമ്പാണ് പ്രതികള്‍ ഒത്തുചേര്‍ന്നത്. ഗൂഢാലോചന നടത്തിയത് ഇവിടെ എന്നാണ് സംശയിക്കുന്നത്. ഈ ദ്യശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. പ്രതി ഷിനോസിന്റെ മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ ഷോട്ടുകളും  ലഭിച്ചു. ശ്രീരാഗ്, ജാബിര്‍ തുടങ്ങിയവര്‍ വിളിച്ചതായും ഫോണിലെ കോള്‍ലിസ്റ്റില്‍ വ്യക്തമാകുന്നുണ്ട്.

കൊലപാതകം നടന്ന ഉടനെ തന്നെ നാട്ടുകാരാണ് ഷിനോസിനെ പിടികൂടി പൊലീസിലേല്‍പ്പിക്കുന്നത്. ആ സമയത്ത് തന്നെ പിടിച്ചുവാങ്ങി നാട്ടുകാര്‍ കോള്‍ ലിസ്റ്റ് എടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ ആറിന് രാത്രിയില്‍ എട്ടേകാലോട് കൂടി മന്‍സൂറിന്റെ വീടിന് സമീപം ആക്രമണമുണ്ടാകുകയും മന്‍സൂര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. 7.50 മുതല്‍ മുക്കില്‍ പീടിക എന്ന സ്ഥലത്ത് പ്രതികള്‍ ഒരുമിച്ച് കൂടിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കേസില്‍ നാലാംപ്രതിയായ ചേര്‍ക്കപ്പെട്ട ശ്രീരാഗിനെ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ആദ്യ ഘട്ടത്തില്‍ സ്ഥലത്തെ ഒരു പ്രാദേശിക നേതാവും വരുന്നുണ്ട്. ഇത് ആരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. അതിന് ശേഷമാണ് ശ്രീരാഗിന്റെ നേതൃത്വത്തില്‍ മൂന്നുപേര്‍ അങ്ങോട്ട് വരുന്നത്. അതിന് ശേഷം നാലുപേരും കൂടി അകത്തേക്ക് കയറിപ്പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ശേഷം പലരും വരികയും പോകുന്നുണ്ട്. ഇത് ഗൂഢാലോചനയ്ക്കാണെന്നാണ് സംശയിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന ഇടത്തുനിന്ന് കേവലം അഞ്ചുമിനിറ്റ് ദൂരം മാത്രമാണ് മന്‍സൂറിന്റെ വീട്ടിലേക്കുള്ളത്. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന ഇടത്ത് നിന്ന് കൊലപാതകത്തിന് മുമ്പുള്ള ചര്‍ച്ച നടത്തിയ ശേഷം പ്രതികള്‍ ഉടനെ മന്‍സൂറിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു എന്നാണ് മനസ്സിലാകുന്നത്.

 

 

Top