തിരുവനന്തപുരം: നിരവധി മോഷണക്കേസുകളില്‍ പ്രതികളായ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളുടെ മാലപൊട്ടിക്കല്‍, വാഹനമോഷണം, പിടിച്ചുപറി, പോക്‌സോ കേസ്സുകള്‍ ഉള്‍പ്പെടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും നിരവധി കേസ്സുകളിലെ പ്രതികളാണ് പിടിയിലായത്. കൊല്ലം സ്വദേശികളായ അച്ചു എന്ന് വിളിക്കുന്ന മിഥുന്‍( 24) , ഹാരിസ് എന്ന് വിളിക്കുന്ന ഷാനവാസ് ( 23 ), വിഷ്ണു 23) എന്നിവരെയാണ് കിളിമാനൂര്‍ പൊലീസും തിരു: റൂറല്‍ ഷാഡോ , ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
മോഷണകുറ്റത്തിന് അനവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതിനാല്‍ സംസ്ഥാനത്ത് കുറ്റകൃത്യം ചെയ്താല്‍ തിരിച്ചറിഞ്ഞ് പിടിയിലാകും എന്നത് കൊണ്ട് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിലാണ് ഇവര്‍ മാല പിടിച്ചുപറി നടത്തിയിരുന്നത്. കന്യാകുമാരി ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഇവര്‍ നടത്തിയ പത്തോളം മാല പിടിച്ചുപറി കേസ്സുകളാണ് ഇപ്പോള്‍ തെളിയിക്കാനായത്.
അക്രമിച്ച് മാല പിടിച്ച് പറി നടത്തുന്നതിനിടയില്‍ വീണ് ഗുരുതരമായി പരിക്ക് പറ്റിയ രണ്ട് സ്ത്രീകള്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഇവരെ പിടികൂടുന്നതിനായി തമിഴ്‌നാട് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ സംഘം അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുകയും , കേരളത്തിലെ വിവിധ ജില്ലകളില്‍ അനവധി തവണ എത്തിയെങ്കിലും ഇവരെ കണ്ടെത്തി പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
ഗുണ്ടാ വിരുദ്ധ നിയമപ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള മിഥുനെതിരെ കൊല്ലം ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ പിടികിട്ടാപുളളിയായി പ്രഖ്യാപിച്ച വാറണ്ട് നിലവില്‍ ഉണ്ട്. ചടയമംഗലം ,ചെറിയ വെളിനല്ലൂരില്‍ നടന്ന മാല പിടിച്ചുപറി കേസ്സില്‍ കൂട്ടുപ്രതിയായ കൊല്ലം സ്വദേശി മുഹമ്മദ്അലിയെ പൊലീസ് പിടികൂടിയെങ്കിലും പ്രധാന പ്രതിയായ ഇപ്പോള്‍ പിടിയിലായ മിഥുനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
മോഷ്ടിച്ചതും, സുഹൃത്തുക്കളില്‍ നിന്നും വാടകക്ക് എടുക്കുന്നതുമായ ന്യൂ ജെനറേഷന്‍ ബൈക്കുകള്‍ ഉപയോഗിച്ചാണ് സംഘം മാല പിടിച്ചുപറി നടത്തിയിരുന്നത്. പിടിയിലായ വിഷ്ണുവിന്റെ ടു വീലര്‍ ഉപയോഗിച്ച് സംഘം അനവധി മാല പിടിച്ചുപറി നടത്തിയിരുന്നു. പള്ളിക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുളമട ,കുന്നില്‍വീട്ടില്‍ അപ്പുണ്ണിയുടെ ബൈക്ക് മോഷണം നടത്തിയതും , കൊട്ടിയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും രണ്ട് ബൈക്കുകള്‍ മോഷണം ചെയ്തതും മിഥുന്റെ നേതൃത്വത്തില്‍ ആയിരുന്നു. ഇവര്‍ മോഷണം ചെയ്ത മൂന്ന് ബൈക്കുകളും , മാല പൊട്ടിക്കാന്‍ ഉപയോഗിച്ച മറ്റ് രണ്ട് ബൈക്കുകളും പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ ദിവസം കിളിമാനൂര്‍ മലയാമoത്ത് വെച്ച് ടു വീലറില്‍ യാത്ര ചെയ്ത് വന്ന സ്ത്രീയെ തള്ളിയിട്ട് അവരുടെ അഞ്ച് പവന്‍ തൂക്കം വരുന്ന താലിമാല കവര്‍ന്ന കേസ്സിലേക്കാണ് ഇവരിപ്പോള്‍ പിടിയിലായത്. മാലമോഷണത്തിനായി ഇവര്‍ ഉപയോഗിച്ചിരുന്ന ന്യൂ ജനറേഷന്‍ ഇനത്തിലെ ടൂ വീലറും പണയം വെച്ചിരുന്ന മോഷണമുതലും അന്വേഷണ സംഘം കണ്ടെടുത്തു. അന്നേ ദിവസം നഗരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ തേക്കിന്‍കാട് വെച്ച് ടൂ വീലറില്‍ സഞ്ചരിച്ച് വന്ന സ്ത്രീയേയും അക്രമിച്ച് ഇവര്‍ തളളിയിട്ട് മാല പൊട്ടിച്ചെടുത്തിരുന്നു.
ആളുകള്‍ കൂടി ബഹളം വെച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടുന്നതിനിടയില്‍ മാല ഇവരില്‍ നിന്നും നഷ്ടപ്പെടുകയായിരുന്നു. നഗരൂര്‍ പോലീസ് ഇതിന് ഇവര്‍ക്കെതിരെ കേസ്സ് എടുത്തിട്ടുണ്ട്. ഇലക്ഷന്‍ പ്രമാണിച്ച് സംസ്ഥാന അതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് സംഘം മാല പിടിച്ചുപറിക്ക് വീണ്ടും സംസ്ഥാനം തെരെഞ്ഞെടുത്തത്. കടയ്ക്കല്‍ , ചടയമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാല പിടിച്ചുപറി നടത്തിയതും ഇതേ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് പി.കെ മധു ഐ.പി.എസ്സ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ഹരി സി.എസ്,കിളിമാനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്സ്.സനൂജ് , കിളിമാനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് റ്റി.ജെ , ജി.എസ്.ഐ സുരേഷ്, എ.എസ്.ഐ ഷജീം , റിയാസ്സ്, സുജിത് ഷാഡോ ഡാന്‍സാഫ് ടീമിലെ എസ്.ഐ എം. ഫിറോസ്ഖാന്‍ , എ.എച്ച്.ബിജു , എ.എസ്.ഐ ബി.ദിലീപ് , അര്‍.ബിജുകുമാര്‍ , സി.പി.ഒ മാരായ എ.എസ്.അനൂപ് , എസ്.ഷിജു , സുനില്‍ രാജ് എന്നിവരുടെ സംഘമാണ് പ്രതികളെ മോഷണം നടന്ന് രണ്ട് ദിവസത്തിനുള്ളില്‍ വിദഗ്ദമായി പിടികൂടിയത്.