ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ബന്ധം ശക്തമാക്കി തന്ത്രപ്രധാനമായ പ്രതിരോധ കരാറില്‍ ഒപ്പിട്ട് രാജ്യങ്ങള്‍. കോംകാസ (COMCASA Communications Compatibiltiy and Securtiy Agreement) അഥവാ സമ്പൂര്‍ണ സൈനിക ആശയവിനിമയ സഹകരണ കരാര്‍ എന്ന് വിശേഷിപ്പിക്കുന്ന കരാറില്‍ ഒപ്പിട്ടതോടെ ഇന്ത്യയ്ക്ക് യുഎസില്‍ നിന്ന് നിര്‍ണായകമായ പ്രതിരോധ സാങ്കേതിക വിദ്യയും ആയുധങ്ങളും ലഭ്യമാകുന്നതാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനുമാണ് പങ്കെടുത്തത്. അമേരിക്കയെ പ്രതിനിധീകരിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരും പങ്കെടുത്തു. പ്രതിരോധം, വാണിജ്യം, എച്ച്1ബി വിസ, സഹകരണം തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായിരുന്നു.
ഇന്ത്യയ്ക്ക് എന്‍എസ്ജി പ്രവേശനം ലഭിക്കുന്നതിനായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. ദക്ഷിണേഷ്യ, ഇന്തോ പസഫിക്, തെക്കുകിഴന്‍ ഏഷ്യ തുടങ്ങിയ മേഖലയിലെ സ്ഥിരത നിലനിര്‍ത്തുന്നതു സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. ട്രംപിന്റെ അഫ്ഗാന്‍ നയം ഇന്ത്യ അംഗീകരിക്കും. ഭീകരവാദത്തിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനമായി.