ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് രാജ്നാഥ് സിംഗ്: വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി പ്രഖ്യാപിച്ചു

വർക്കല: 90-ാം ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി. രാവിലെ നടന്ന സമ്മേളനം കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. വർക്കല ശിവഗിരിയുടെ വികസനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന 70 കോടിയുടെ പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്ന് രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ വഹിച്ചു. ഇന്ന് നിര്യാതയായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന് പ്രതിരോധ മന്ത്രി ശിവഗിരിയിലെ ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു. പ്രധാനമന്ത്രിയുടെ അനുവാദം വാങ്ങിയാണ് ഇവിടേക്ക് വന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

ശിവഗിരി തീർത്ഥാടനത്തിൻ്റെ നവതിയും ശിവഗിരിയിലെ ബ്രഹ്മവിദ്യാലയത്തിൻ്റെ കനകജൂബിലിയും വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ ശിവഗിരി സന്ദർശനത്തിൻ്റെ ശതാബ്ദിയും ഒരുമിച്ചു വരുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. വൈകിട്ടോടെ വിവിധ ജില്ലകളിൽ നിന്നുള്ള പദയാത്രകൾ ശിവഗിരിയിൽ എത്തിച്ചേരും. കൊവിഡ് കാരണമുള്ള മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവഗിരി തീർത്ഥാടനം വീണ്ടും പൂർവ്വപ്രതാപത്തോടെ നടത്തുന്നത്.

Top