പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു ; പിന്നില്‍ ചൈനയെന്ന് സൂചന

hacker

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ ചൈനീസ് അക്ഷരങ്ങള്‍ കണ്ടതിനാല്‍ പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണെന്നാണ് സംശയം. ഹാക്കിങ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

അതേസമയം സൈറ്റ് പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും ഉടന്‍ പരിഹാരം ഉണ്ടാകുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുമെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

നേരത്തെ, വാട്സ് ആപ്പ് ഗ്രൂപ്പുകള്‍വഴി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിച്ചേക്കുമെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. സമൂഹ മാധ്യമം വഴി പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് സൈനികര്‍ക്ക് നല്‍കിയത്. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവര്‍ സൈന്യത്തിന്റെ വീഡിയോ റീട്വീറ്റ് ചെയ്തിരുന്നു.

ഡിജിറ്റല്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന എല്ലാ മാര്‍ഗവും സ്വീകരിക്കുമെന്ന് വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നു. +86 ല്‍ തുടങ്ങുന്ന ചൈനീസ് നമ്പറുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറി രഹസ്യവിവരങ്ങള്‍ അടക്കമുള്ളവ ചോര്‍ത്തുമെന്ന് കരസേന വിഭാഗം സൂചന നല്‍കിയിരുന്നു.

Top