ന്യൂഡല്‍ഹി: അതിര്‍ത്തികളില്‍ നിലയുറപ്പിക്കുന്ന സൈനികര്‍ക്ക് പോരാടാന്‍ പുത്തന്‍ ആയുധങ്ങളെത്തുന്നു. റൈഫിളുകളും യന്ത്രത്തോക്കുകളും ഉള്‍പ്പെടെ 5,000 കോടിയുടെ പുത്തന്‍ ആയുധങ്ങള്‍ നല്‍കി അതിര്‍ത്തിയിലെ സൈന്യത്തെ സജ്ജമാക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതി.
റൈഫിള്‍, ലൈറ്റ് മെഷീന്‍ ഗണ്‍, സിക്യുബി എന്നറിയപ്പെടുന്ന ക്ലോസ് ക്വാര്‍ട്ടര്‍ റൈഫിള്‍ എന്നീ ഇനത്തില്‍പ്പെട്ട തോക്കുകള്‍ വാങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. ഏകദേശം 5,366 കോടി വിലമതിക്കുന്ന ആയുധങ്ങളാണ് പ്രതിരോധ മന്ത്രാലയം വാങ്ങുന്നത്. ഇതിനായി തിരഞ്ഞെടുത്ത വിദേശ ആയുധ കമ്പനികളില്‍ നിന്ന് ആദ്യ ടെന്‍ഡര്‍ വിളിച്ചതായും കേന്ദ്ര പ്രതിരോധ വകുപ്പ് അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ ഒപ്പുവെക്കാനാണ് അതിവേഗ നടപടിക്രമത്തിലൂടെ പത്ത് ദിവസം കൊണ്ട് ടെന്‍ഡര്‍ വിളിച്ചത്.
72,400 റൈഫിളുകളും (1,798 കോടി) 93,895 ക്യൂസിബി റൈഫിളുകളും (1749 കോടി) 16,479 ലൈറ്റ് മെഷീന്‍ ഗണ്ണുകളും (1,819 കോടി) വാങ്ങാനാണ് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയായ സമിതി അനുമതി നല്‍കിയത്.
850 സൈനികര്‍ വീതമുള്ള 382 ഇന്‍ഫന്ററി ബെറ്റാലിയനുകള്‍ക്ക് പുതിയ ആയുധങ്ങള്‍ വേണമെന്ന് 2005ലാണ് സേന ആവശ്യപ്പെട്ടത്. 2009ല്‍ ചെറുകിട യന്ത്രത്തോക്കുകള്‍ വാങ്ങുവാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ഇത് വേണ്ടെന്നു വെക്കുകയായിരുന്നു.