കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ കൃത്യമായ തെളിവുകള്‍ കിട്ടിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ അക്ബര്‍. പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും, പ്രതിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലടക്കം അന്വേഷണം നടത്തിയെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
കുറ്റകൃത്യത്തില്‍ പ്രതിയുടെ പങ്ക് കൃത്യമായി ബോധ്യപ്പെട്ട ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡൊമിനിക് മാര്‍ട്ടിന്‍ അല്ലാതെ കേസില്‍ മറ്റാരെങ്കിലും പ്രതിയാണോയെന്നതടക്കം വിശദമായി പരിശോധിക്കും. ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പറഞ്ഞ കമ്മീഷണര്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാര്‍ട്ടിന്‍ മാത്രമാണ് പ്രതിയെന്നും വ്യക്തമാക്കി.
യഹോവയുടെ സാക്ഷികള്‍ കൂട്ടായ്മയോടുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് പ്രതിഷേധ സൂചകമായാണ് ആക്രമണം നടത്തിയതെന്നാണ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി. ഇയാള്‍ക്കെതിരെ യുഎപിഎ, സ്‌ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം തുടങ്ങിയ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന പൊലീസ്, എന്‍ഐഎ, എന്‍എസ്ജി തുടങ്ങിയ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.