തിരുവനന്തപുരം: കേരളസര്‍വകലാശാല സര്‍വകലാശാലയിലെ മോഡറേഷന്‍ വിവാദത്തില്‍ അധികമാര്‍ക്ക് നേടി ബിരുദം കരസ്ഥമാക്കിയ 24 പേരുടെ ബിരുദം പിന്‍വലിക്കും.മോഡറേഷന്‍ കിട്ടിയ 112 വിദ്യാര്‍ത്ഥികളുടെ പേപ്പര്‍ റദ്ദാക്കി പുനപരിശോധന നടത്താനും സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു.
തീരുമാനം നടപ്പാക്കാന്‍ ചാന്‍സലര്‍ ആയ ഗവര്‍ണറോടും സെനറ്റിനോടും അനുമതി തേടും. ഇതിനായി വിസിയെ ചുമതലപ്പെടുത്താനും സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. മോഡറേഷന്‍ ലഭിച്ച 112 വിദ്യാര്‍ഥികളുടെ പേപ്പര്‍ റദ്ദാക്കി ഫീസ് വാങ്ങാതെ പുനഃപരീക്ഷ നടത്തി എത്രയും പെട്ടെന്ന് ഫലം പ്രഖ്യാപിക്കുന്നതിനാണ് തീരുമാനം.
കേരള സര്‍വകലാശാലയില്‍ മോഡറേഷന്‍ മാര്‍ക്കില്‍ തട്ടിപ്പു നടത്തി മാര്‍ക്ക് കൂട്ടി നല്‍കി തോറ്റ വിദ്യാര്‍ഥികളെ ജയിപ്പിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. വ്യാജ പാസ്വേഡ് ഉപയോഗിച്ച് സര്‍വറില്‍ കയറി മാര്‍ക്ക് തിരുത്തിയതായായിരുന്നു കണ്ടെത്തിയിരുന്നത്.
എന്നാല്‍ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്നും സോഫ്റ്റ് വെയര്‍ തകരാറാണ് കാരണമെന്നുമാണ് സര്‍വകലാശാലയുടെ നിലപാട്.