വിഴിഞ്ഞത്ത് ക്രെയിനിറക്കുന്നതില്‍ കാലതാമസം; 21 കഴിഞ്ഞാല്‍ ചൈനീസ് കപ്പല്‍ കമ്പനിക്ക് പിഴ നല്‍കേണ്ടി വരും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ക്രെയിനിറക്കുന്നതിന് വൈകുന്നത് മൂലം തുറമുഖ കമ്പനിക്ക് ഉണ്ടാകുന്നത് വന്‍ സാമ്പത്തിക ബാധ്യത. ക്രെയിന്‍ ഇറക്കുന്നത് ഈ മാസം 21കടന്നാല്‍ ഓരോ ദിവസവും മൂപ്പത് ലക്ഷത്തോളം രൂപ ചൈനീസ് കപ്പല്‍ കമ്പനിക്ക് പിഴ നല്‍കേണ്ടി വരും. വിഴിഞ്ഞം പുറംകടലില്‍ കപ്പല്‍ എത്തിയത് ഒക്ടോബര്‍ 12നാണ്.

അഞ്ച് ദിവസം പിന്നിടുമ്പോഴും ക്രെയിനുകളിറക്കാന്‍ സാധിച്ചിട്ടില്ല. ക്രെയിന്‍ ഇറക്കാന്‍ സാങ്കേതിക സഹായം നല്‍കേണ്ട ചൈനീസ് വിദഗ്ധരുടെ എമിഗ്രേഷന്‍ പ്രശ്‌നം പരിഹരിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായി തുടര്‍ന്നാല്‍ ക്രെയിന്‍ ഇറക്കുന്നത് ഇനിയും വൈകും. ബെര്‍ത്തിന് സമീപം അര മീറ്ററോളം ഉയരത്തില്‍ തിരയടിക്കുന്നതും ശക്തമായ കാറ്റുമാണ് തടസ്സം.

ഗുജറാത്തിലെ മുന്ദ്രയിലും വിഴിഞ്ഞത്തും ക്രെയിനുകള്‍ ഇറക്കി ഷെന്‍ഹുവ 15 കപ്പല്‍ ഒക്ടോബര്‍ 21ന് ചൈനയിലേക്ക് മടങ്ങണമെന്നായിരുന്നു ചൈനീസ് കമ്പനിയുമായുള്ള കരാര്‍. ക്രെയിന്‍ കരയിലിറക്കാന്‍ അഞ്ച് ദിവസം വേണമെന്നിരിക്കെ ഇന്ന് പ്രവര്‍ത്തനം തുടങ്ങിയാലും സമയക്രമം പാലിക്കാനാകില്ല. വൈകുന്ന ഓരോ ദിവസവും 25000 ഡോളറാണ് പിഴ.

അതേസമയം വിഴിഞ്ഞത്ത് കണ്ടയ്‌നര്‍ കപ്പല്‍ വന്നാലും ചരക്കിറക്കാനാകാതെ ബുദ്ധിമുട്ടുമെന്ന വാദങ്ങള്‍ അദാനി ഗ്രൂപ്പ് തള്ളി. കൂറ്റന്‍ ക്രെയിനുകളില്‍ ബന്ധിക്കുന്നതിനാല്‍ കപ്പല്‍ ചലിച്ചാലും കണ്ടയ്‌നറുകള്‍ ഇറക്കാനുകുമെന്ന് നിര്‍മാണ കമ്പനി അറിയിച്ചു.

Top