നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ഓണ്‍ലൈനായി ഭക്ഷണം ഡെലിവര്‍ ചെയ്യുന്ന ഹോട്ടലിന്റെ ഉടമയെ സ്വിഗ്ഗി ഡെലിവറി ബോയ് വെടിവെച്ചു കൊലപ്പെടുത്തി. ബുധനാഴ്ചയാണ് സംഭവം. ഒരു ഓര്‍ഡര്‍ വൈകുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.
ഗ്രേറ്റര്‍ നോയിഡയില്‍ സം സം ഫുഡ് ഡെലിവറി റെസ്റ്റോറന്റ് നടത്തിയിരുന്ന സുനില്‍ ആണ് മരിച്ചത്. കൃത്യത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതി ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: ചിക്കന്‍ ബിരിയാണിയുടെയും പുരി സബ്ജിയുടെയും ഓര്‍ഡര്‍ ശേഖരിക്കാന്‍ ബുധനാഴ്ച പുലര്‍ച്ചെ 12.15 ന് ഒരു സ്വിഗ്ഗി ഡെലിവറി ബോയ് റെസ്റ്റോറന്റില്‍ എത്തി. ചിക്കന്‍ ബിരിയാണിയുടെ ഓര്‍ഡര്‍ ഉടന്‍ അയാള്‍ക്ക് കൈമാറിയെങ്കിലും രണ്ടാമത്തെ ഓര്‍ഡറിന് കുറച്ച് സമയമെടുക്കുമെന്ന് റെസ്റ്റോറന്റിലെ ജോലിക്കാരനായ നാരായണ്‍ ഡെലിവറി ബോയിയോട് പറഞ്ഞു.
ഇതുകേട്ട ഡെലിവറി ബോയ് പ്രകോപിതനാകുകയും തൊഴിലാളിയെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം പരിഹരിക്കാന്‍ സുനില്‍ ഇടപെട്ടപ്പോള്‍ പ്രതി അദ്ദേഹത്തിന്റെ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
സുനിലിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.
സംഭവ സ്ഥലത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളുടെ സഹായത്തോടെ ഡെലിവറി ബോയ്ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാനാകുമെന്ന് പൊലീസ് പറഞ്ഞു.