ബംഗളൂരു: സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം സ്റ്റേ ചെയ്യാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. നടപടികള്‍ അകാരണമായി വൈകിച്ചതിന് ഹൈക്കോടതി ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയിട്ടു. ട്വിറ്റര്‍- കേന്ദ്രസര്‍ക്കാര്‍ പോരിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടും, അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനോ നടപടിയെടുക്കാനോ ഒരു വര്‍ഷം വരെ സമയമെടുത്തത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ സിംഗിള്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുകയോ തുടര്‍ച്ചയായി നിയമലംഘനം നടത്തുകയോ ചെയ്യുന്ന അക്കൗണ്ടുകള്‍ ഉടന്‍ പൂട്ടാന്‍ ട്വിറ്റര്‍ തയ്യാറാണ്.അങ്ങനെയെന്ന് ബോധ്യമില്ലാത്ത അക്കൗണ്ടുകള്‍ പൂട്ടണമെങ്കില്‍ നടപടി ക്രമം പാലിക്കണം.ഐടി ആക്ടിന്റെ 69 എ അതിന് കൃത്യം നടപടിക്രമം നിര്‍ദേശിക്കുന്നുണ്ട്.അത് പാലിച്ചില്ലെങ്കില്‍ അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാകും.ട്വിറ്ററിലെ അതേ ഉള്ളടക്കം മറ്റ് ടിവി ചാനലുകളിലോ പത്രങ്ങളിലോ വരാം.അപ്പോള്‍ ട്വിറ്ററിലെ അക്കൗണ്ടുകള്‍ മാത്രം പൂട്ടാന്‍ നിര്‍ദേശം നല്‍കുന്നത് വിവേചനപരമാണ്.
ട്വിറ്റര്‍ ഒരു വിദേശ കമ്പനിയാണ്, ഇന്ത്യന്‍ കമ്പനിയല്ല.അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന 19 എ വകുപ്പ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാത്രമേ ബാധകമാകൂ.ട്വിറ്ററിലൂടെ അഭിപ്രായപ്രകടനം നടത്തുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ കര്‍തൃത്വം ട്വിറ്റര്‍ ഏറ്റെടുക്കേണ്ടതില്ല.രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ഉള്ളടക്കം നിരോധിക്കാന്‍ വൈകിയാല്‍ അത് ജനങ്ങളെ ബാധിക്കും.ട്വിറ്റര്‍ അഭിപ്രായപ്രകടനത്തിനുള്ള ഒരു ഉപാധി മാത്രമാണ്, അത് ഒരു ബിസിനസ് പ്ലാറ്റ്‌ഫോം ആണ്, അത് സര്‍ക്കാര്‍ നയങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥമാണ്.പത്രങ്ങളിലും ചാനലുകളിലും വരുന്ന ഉള്ളടക്കത്തിന് സ്ഥാപനങ്ങള്‍ ഉത്തരവാദികളാണ്, ട്വിറ്ററിലെ ഉള്ളടക്കത്തിന് ആരാണ് ഉത്തരവാദി?ട്വിറ്ററിന് ഉത്തരവാദിത്തമുണ്ടെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏജന്‍സികളുടെ ഉത്തരവുകള്‍ അനുസരിക്കാനും അവര്‍ ബാധ്യസ്ഥരാണ്
കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ അംഗീകരിക്കുന്നു, ട്വിറ്റര്‍ സര്‍ക്കാര്‍ നയം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്.കേന്ദ്രനിര്‍ദേശം പാലിക്കാന്‍ വൈകിയതെന്തെന്ന് വ്യക്തമാക്കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടു.ട്വിറ്റര്‍ ഒരു സാധാരണ പൗരനല്ല, ഒരു കര്‍ഷകനല്ല, ഒരു മില്യണ്‍ ഡോളര്‍ ബിസിനസ് കമ്പനിയാണ്.കേന്ദ്രനിര്‍ദേശം പാലിക്കാന്‍ വൈകിയതിന് 50 ലക്ഷം രൂപ പിഴ നല്‍കണം, 45 ദിവസത്തിനുള്ളില്‍ തുക കെട്ടി വയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.