ബലാത്സംഗ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകി;പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ലഖ്‌നൗ: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ എഫ് ഐആര്‍ തയ്യാറാക്കി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. എഫ്‌ഐആര്‍ തയ്യാറാക്കുന്നതിനും പ്രതിയെ അറസ്റ്റ് ചെയ്യാനും കാലതാമസം നേരിട്ടതിനാണ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തത്. ഉത്തര്‍പ്രദേശിലെ കുശിനര്‍ ഗ്രാമത്തിലാണ് സംഭവം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇരുപത് വയസ്സുകാരന്‍ ലൈംഗികമായി പീഡിപ്പിച്ച കേസിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകിയത്. തുടര്‍ന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് ഒന്നരലക്ഷം രൂപ നല്‍കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന ഓഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടായിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ് സൂപ്രണ്ട് വിനോദ് കുമാര്‍ ഉത്തരവിടുകയും ചെയ്തു. പ്രതിക്കെതിരെ ബലാത്സംഗം, മനപൂര്‍വ്വമുള്ള അക്രമം, പോക്‌സോ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് എടുത്തതെന്നും പൊലീസ് വ്യക്തമാക്കി.

പ്രതിയെ ലഖ്‌നൗവിലെ പ്രാദേശിക കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ മാസം നവംബര്‍ 21 നാണ് മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് പെണ്‍കുട്ടി പീഡനത്തിനിരയായത്. പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി അവിടെ വച്ചാണ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് പിതാവ് വെളിപ്പെടുത്തിയിരുന്നത്.

Top