ഡല്‍ഹിയില്‍ 5 സീറ്റില്‍ നാലും ആം ആദ്മിയ്ക്ക്; ബിജെപി വട്ട പൂജ്യം

ന്യൂഡല്‍ഹി: മുനിസിപ്പല്‍ കോര്‍പറേഷന്‍ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പില്‍ വമ്പന്‍ മുന്നേറ്റവുമായി ആംആദ്മി പാര്‍ട്ടി. 5 വാര്‍ഡുകളില്‍ നാലിടത്തും എഎപി വിജയിച്ചു. ഒരു സീറ്റില്‍ കോണ്‍ഗ്രസാണ് വിജയിച്ചിരിക്കുന്നത്. ബിജെപിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.

കല്യാണ്‍ പുരി, രോഹിണി, ത്രിലോക് പുരി ഈസ്റ്റ്, ഷാലിമാര്‍ ബാഗ് നോര്‍ത്ത് വാര്‍ഡുകളിലാണ് എഎപി വിജയിച്ചത്. ഇതില്‍ ഷാലിമാര്‍ ബാഗ് ബിജെപിയുടെ സീറ്റായിരുന്നു. എഎപിയുടെ സീറ്റായിരുന്ന ചൗഹാന്‍ ബംഗര്‍ വാര്‍ഡാണ് കോണ്‍ഗ്രസ് നേടിയത്.

എഎപിയുടെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ തെളിവാണ് തെരഞ്ഞടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. 2022ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ തുടച്ചുനീക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സിറ്റിങ് കൗണ്‍സിലര്‍മാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വന്നത്.

2012 മുതല്‍ ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളും ഭരിക്കുന്നത് ബിജെപിയാണ്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ഒന്നില്‍ പോലും ബിജെപിക്ക് ജയിക്കാനായില്ല. അടുത്ത വര്‍ഷത്തെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനമെന്ന നിലയ്ക്കാണ് ഉപതെരഞ്ഞെടുപ്പിനെ പാര്‍ട്ടികള്‍ കണ്ടത്. മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളിലുമായി 272 വാര്‍ഡുകളിലേക്കാണ് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

Top