ന്യൂഡല്‍ഹി: വിവാദമായ ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ തിങ്കളാഴ്ച രാജ്യസഭ പരിഗണിക്കും. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കും. പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെയിലും ഇറങ്ങിപ്പോക്കിനിടെയിലും ലോക്‌സഭ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെങ്കിലും ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ ബില്‍ പാസാക്കിയെടുക്കാനാകുമെന്നാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ.
രാജ്യസഭയില്‍ എത്തുന്നതിന് മുന്‍പായി പ്രതിപക്ഷ നിരയിലെ നേതാക്കള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഓഫീസില്‍ രാവിലെ യോഗം ചേരും. പ്രതിപക്ഷമായ ഐഎന്‍ഡിഐഎ സഖ്യത്തില്‍ 104 എംപിമാരാണുള്ളത്. എന്നാല്‍ ചിലര്‍ പങ്കെടുക്കാതിരുന്നാല്‍ ബില്ലിനെ എതിര്‍ക്കാനാകാതാകും. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും അംഗങ്ങള്‍ രാജ്യസഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിപ്പ് നല്‍കി.
ഡല്‍ഹി സര്‍ക്കാരില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധി മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനു പകരമാണു ബില്‍. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിനും നിയന്ത്രണത്തിനും കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍.
ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണു കേന്ദ്രം മേയ് 19നു പ്രത്യേക ഓര്‍ഡിനന്‍സ് (ഗവണ്‍മെന്റ് ഓഫ് നാഷനല്‍ ക്യാപിറ്റല്‍ ടെറിറ്ററി (അമെന്‍ഡ്‌മെന്റ്) ഓര്‍ഡിനന്‍സ് 2023) കൊണ്ടുവന്നത്. പുതുതായി രൂപീകരിച്ച നാഷനല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റിയില്‍ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍. ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്നും ദേശീയ തലസ്ഥാന പ്രദേശത്തെ (എന്‍സിടി) ക്രമസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങള്‍ സര്‍ക്കാരിന്റെ അധികാരപരിധിയിലാണെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.