വായു മലിനീകരണം ; സ്വകാര്യ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് വിലക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണം കൂടിവരുന്ന സാഹചര്യത്തില്‍ സ്വകാര്യ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് വിലക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഈ വര്‍ഷത്തെ ഏറ്റവും രൂക്ഷമായ വായുമലിനീകരണം എയര്‍ ക്വാളിറ്റി ഇന്റക്‌സ് പ്രകാരം 642 ആയിരുന്നു ദീപാവലി ദിനത്തോടെ ഡല്‍ഹി അനുഭവിച്ചത്.

ഈ സാഹചര്യത്തിലാണ് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് സുപ്രീംകോടതി നിയമിച്ച പരിസ്ഥിനി മലിനീകരണ നിയന്ത്രണ അതോറിറ്റി (ഇപിസിഎ) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സ്വകാര്യ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തലാക്കുകയോ ഒറ്റ ഇരട്ട (ഓഡി ഈവന്‍ പ്ലാന്‍) സംവിധാനം നടപ്പിലാക്കുകയോ വേണ്ടിവരുമെന്നാണ് ഇപിസിഎ സംഘത്തിന്റെ വിലയിരുത്തല്‍. ”ദില്ലിയിലെ അന്തരീക്ഷ വായു ഈ സ്ഥിതിയില്‍ തുടര്‍ന്നാല്‍ സ്വകാര്യ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുയും ദ്രവീകൃത പ്രകൃതി വാതകം(സിഎന്‍ജി) ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രം നിരത്തിലിറങ്ങാന്‍ അനുമതി നല്‍കുകയും വേണ്ടി വരും” – കത്തില്‍ പറയുന്നു.

മറ്റ് രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുള്ള മാതൃകയാണ് ഒറ്റ ഇരട്ട സംവിധാനം. സ്വകാര്യ വാഹനങ്ങളും ഈ സംവിധാനത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്തിയാണ് വിദേശ രാജ്യങ്ങള്‍ മലിനീകരണത്തെ നിയന്ത്രിക്കുന്നതെന്നും ഇപിസിഎ ചെയര്‍മാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Top