ന്യൂഡല്‍ഹി: പുക മൂടി നില്ക്കവേ ഡല്‍ഹിയിലെ സ്‌കൂളുകള്‍ രണ്ടു ദിവസം കൂടി അടച്ചിടാന്‍ നിര്‍ദേശം. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
കല്‍ക്കരി അടക്കമുള്ളവയുടെ ഉപയോഗമുള്ള വ്യവസായ കേന്ദ്രങ്ങളും ഈ മാസം 15 വരെ അടച്ചിടണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ വായു മലിനീകരണം വീണ്ടും രൂക്ഷമായതിനിടെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതിയും രംഗത്ത് വന്നിരുന്നു. വായു മലിനീകരണം നേരിടാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കുറ്റപ്പെടുത്തി. പരിസ്ഥിതി സൗഹൃദ ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാനും കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
ഇക്കാര്യത്തില്‍ ഡിസംബർ മൂന്നിന് കേന്ദ്രം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വായു മലിനീകരണത്തെ ചെറുക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ജപ്പാനിൽ നിന്നുള്ള അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നതായും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു.