വായുമലിനീകരണം; സ്‌കൂളുകള്‍ അടച്ചിടുന്നത് പരിഗണിക്കണമെന്ന് സംസ്ഥാനങ്ങളോട് ദില്ലി എയര്‍ ക്വാളിറ്റി പാനല്‍

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിടുന്ന കാര്യം പരിഗണനയിലെടുക്കണമെന്ന് സംസ്ഥാനങ്ങളോട് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ദില്ലിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളോടാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്. ദേശീയതലസ്ഥാന മേഖലയിലെ ജില്ലാ ഭരണകൂടങ്ങളും സംസ്ഥാന സര്‍ക്കാരുകളും ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ വിവിധ ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട് നടപടികളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ട്.

തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് ദില്ലിയിലെ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവ ഒഴികെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഏജന്‍സികളും സ്ഥാപനങ്ങളും വീട്ടിലിരുന്ന ജോലി ചെയ്യാന്‍ നിര്‍ദ്ദേശമുണ്ട്. നവംബര്‍ 17 വരെ ദേശീയ തലസ്ഥാനത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങളോ പൊളിക്കല്‍ പ്രവര്‍ത്തനങ്ങളോ അനുവദനീയമല്ല. ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും അടിയന്തര യോഗത്തില്‍ കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമാനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്നും നിര്‍മ്മാണ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നും ഔദ്യോഗിക നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

അടിയന്തിര നടപടികള്‍ നടപ്പിലാക്കുന്നതിന് സഹകരിക്കണമെന്ന് കമ്മീഷന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ദില്ലിയിലെ അന്തരീക്ഷ മലിനീകരണം കുറക്കാന്‍ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെയാണ് ദില്ലിയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. വൈക്കോല്‍ കത്തിക്കുന്നത് മാത്രമല്ല മലിനീകരണത്തിന് കാരണം. വീടിനുള്ളില്‍ പോലും മാസ്‌ക് ധരിച്ച് ഇരിക്കേണ്ടിവരുന്നു. ഈ അവസ്ഥക്ക് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ ഉത്തവാദിത്തമുണ്ട്. മലിനീകരണം തടയാന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

വായുനിലവാര സൂചിക 50 ല്‍ താഴെ വേണ്ടിടത്ത് ദില്ലിയില്‍ ഇപ്പോള്‍ 471 ന് മുകളിലാണ്. യഥാര്‍ത്ഥത്തില്‍ വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തില്‍. അന്തരീക്ഷ മലിനീകരണം ദില്ലിയില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അടിയന്തിര നടപടി വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.

Top