ന്യൂഡല്‍ഹി: മാര്‍ച്ച് ഒന്നു മുതല്‍ ഡല്‍ഹിയില്‍നിന്ന് മലയാളമടക്കമുള്ള പ്രാദേശികഭാഷകളിലുള്ള ആകാശവാണിവാര്‍ത്തകളുടെ സംപ്രേഷണം നിര്‍ത്തുന്നു. മലയാളത്തിനു പുറമെ, അസമീസ്, ഒഡിയ, തമിഴ് എന്നീ ഭാഷകളിലെ വാര്‍ത്തകളുടെ സംപ്രേഷണമാണ് നിര്‍ത്തുന്നത്.
ഇതുവരെ ഡല്‍ഹിയില്‍നിന്ന് സംപ്രേഷണം ചെയ്തിരുന്ന പ്രാദേശികവാര്‍ത്തകള്‍ മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്നു സംപ്രേഷണം ചെയ്യണമെന്നാണ് നിര്‍ദേശം.
മലയാളം തിരുവനന്തപുരത്തു നിന്നും അസമീസ് ഗുവാഹാട്ടി, ഒഡിയകട്ടക്ക്, തമിഴ് ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും സംപ്രേഷണം ചെയ്യണമെന്ന് പ്രസാര്‍ ഭാരതി വാര്‍ത്താവിഭാഗം ഡയറക്ടര്‍ ജനറലിനുവേണ്ടി സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി.കെ. ആചാര്യ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചു.
വാര്‍ത്താവായനക്കാരുടെ ക്ഷാമം, അധികച്ചെലവ് തുടങ്ങിയ കാരണങ്ങള്‍ മുന്നോട്ടുവെച്ചാണ് ഡല്‍ഹി നിലയത്തില്‍നിന്ന് പ്രാദേശികഭാഷകളെ പുറംതള്ളുന്നത്.
ആദ്യഘട്ടമായി പ്രാദേശികനിലയങ്ങളിലേക്ക് മാറ്റുന്നത് നാലു ഭാഷകളാണെങ്കിലും, ക്രമേണ എല്ലാ പ്രാദേശിക ഭാഷാ ബുള്ളറ്റിനും അതാത് സംസ്ഥാനത്തേക്ക് കൊണ്ടുപോകാനാണ് തീരുമാനം. മുന്തിയ സാങ്കേതിക സൗകര്യങ്ങളോടെ ഏഷ്യയിലെതന്നെ ഏറ്റവും വലിയ പ്രക്ഷേപണകേന്ദ്രമായി ഡല്‍ഹി ആകാശവാണി നിലയം മാറിയപ്പോള്‍തന്നെയാണ് പ്രാദേശികഭാഷകളെ തഴയുന്നത്.