ന്യൂഡല്‍ഹി: ചെന്നൈ ഐഐടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് ഫാത്തിമയുടെ കുടുംബം കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ നിലപാടറിയിച്ചത്.
ഉന്നതവിദ്യാഭ്യസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും ഐഐടികളില്‍ നടന്ന മരണങ്ങളും പരിശോധിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉത്തരവിറക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
നവംബര്‍ ഒമ്പതിനാണ് ഫാത്തിമ ലത്തീഫിനെ ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ഫാത്തിമയുടെ പിതാവ് നേരത്തെ രംഗത്തെത്തിയിരുന്നു.