പൗരത്വഭേദഗതി ബില്‍ ലോക്സഭയില്‍; ന്യൂനപക്ഷങ്ങള്‍ക്കെതിരല്ലെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ പുകയുമ്പോള്‍ ദേശീയ പൗരത്വഭേദഗതി ബില്‍ അമിത്ഷാ ലോക്‌സഭയില്‍. ബില്ല് ഒരു ശതമാനം പോലും ന്യൂന പക്ഷങ്ങള്‍ക്കെതിരല്ലെന്ന് അമിത്ഷാ വ്യക്തമാക്കി.

എന്നാല്‍ ന്യൂന പക്ഷങ്ങളെ ഭയപ്പെടുത്താനുള്ള ബില്ലെന്നാണ്‌ കോണ്‍ഗ്രസിന്റെ വാദം. ബില്ലിനെ സഭയില് പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കോണ്ഗ്രസ് വ്യക്തമാക്കി.

മുസ്ലിങ്ങള്‍ക്കുനേരെയുള്ള പ്രത്യക്ഷവിവേചനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷപാര്‍ട്ടികളും സാമൂഹികസംഘടനകളും എതിര്‍പ്പ് ഉന്നയിക്കുന്നതിനിടെയാണ് ബില്‍ ലോക്‌സഭയില്‍ എത്തിയത്.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിംങ്ങള്‍ ഒഴികയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വത്തിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ലോക്സഭയില്‍ പാസായാല്‍ 11ന് തന്നെ രാജ്യസഭയിലും ബില്‍ എത്തും. ബില്‍ സഭയില്‍ പാസായാല്‍ സുപ്രീം കോടതിയെ ഇക്കാര്യത്തില്‍ സമീപിക്കാനാകും പ്രതിപക്ഷം ശ്രമിക്കുക.

ലോക്സഭയിൽ നാടകീയ രംഗങ്ങള്‍ക്കാണ് സഭ സാക്ഷ്യം വഹിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ചട്ടങ്ങളെക്കുറിച്ച് അറിയില്ലെന്ന് തൃണമൂൽ അംഗം സൗഗത റോയ് സഭയില്‍ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. ഉത്തരപൂര്വ വിദ്യാര്‍ഥി സഘടന ഈ സംസ്ഥാനങ്ങളില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. ഓള്‍ ആരുണാചല്‍ പ്രദേശ് സ്റ്റുഡന്റ്സ് യണിയനും ബന്ദിനെ പിന്തുണയ്ക്കുന്നു. അസമില്‍ ഗതാഗതം തടസപ്പെടുത്തി പ്രതിഷേധക്കാര്‍ ദേശീയപാതകള്‍ ഉപരോധിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചു.

Top